ശുചിമുറിയിലേക്ക് ഓടിയ എന്നെ അയാള്‍ പിന്തുടര്‍ന്നു; ഹാര്‍വി വെയ്ന്‍സ്റ്റീനില്‍ നിന്ന് നേരിട്ട ലൈംഗിക അതിക്രമത്തെ കുറിച്ച് നടി

ഹാര്‍വി വെയ്ന്‍സ്റ്റയിനില്‍ നിന്നും തനിക്ക് നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് ഹോളിവുഡ് നടി പാരിസ് ഹില്‍ട്ടണ്‍. തനിക്ക് 19 വയസുള്ളപ്പോള്‍ കാന്‍ ചലച്ചിത്രമേളക്കിടെ വെയ്ന്‍സ്റ്റയിന്‍ തന്നെ ലൈംഗികമായി ആക്രമിക്കുവാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു.

ഗ്ലാമര്‍ യുകെയുമായുള്ള അഭിമുഖത്തിലാണ് നടിയുടെ തുറന്ന് പറച്ചില്‍. നടിയാകണമെങ്കില്‍ റൂമില്‍ വന്ന് സ്‌ക്രിപ്റ്റ് വായിക്കണമെന്ന് അയാള്‍ ആവശ്യപ്പെട്ടു. പോകാതെ വന്നപ്പോള്‍ അയാള്‍ തനിക്ക് നേരെ ആക്രോശിച്ചു. രക്ഷപ്പെട്ട് ശുചിമുറിയിലേക്ക് ഓടിയ തന്നെ അയാള്‍ പിന്തുടര്‍ന്നു. ശുചിമുറിയുടെ വാതില്‍ തുറക്കാന്‍ ശ്രമിച്ചു.

വളരെ പ്രയാസപ്പെട്ടാണ് ചെറുത്തു നിന്നതെന്നും അവസാനം സെക്യൂരിറ്റി എത്തി അയാളെ പിടിച്ചുകൊണ്ട് പോവുകയായിരുന്നുവെന്നും പാരിസ് ഹില്‍ട്ടണ്‍ പറഞ്ഞു.

വെയ്ന്‍സ്റ്റയിന്റെ സ്വഭാവത്തെ കുറിച്ച് മറ്റാരെങ്കിലും നിങ്ങളോട് ഇതിന് മുന്‍പ് പരാമര്‍ശിച്ചിരുന്നോ എന്ന ചോദ്യത്തിന്. ഹോളിവുഡില്‍ വളരെ സ്വാധീനമുള്ളയാളാണ് ഹാര്‍വി വെയ്ന്‍സ്റ്റയ്ന്‍. അയാളുടെ പെരുമാറ്റം എല്ലാവര്‍ക്കും അറിയാം. പക്ഷെ കണ്ടില്ലെന്ന് നടിക്കുകയാണെന്നും നടി വ്യക്തമാക്കി.

ലൈംഗികാതിക്രമക്കേസില്‍ 23 വര്‍ഷത്തെ തടവുശിക്ഷയ്ക്ക് കോടതി വിധിച്ചിരുന്നു. വെയ്ന്‍സ്റ്റെയ്‌നെതിരെ ഉയര്‍ന്ന അഞ്ചു ലൈംഗിക ആരോപണക്കേസുകള്‍ പരിശോധിച്ച കോടതി ഇതില്‍ രണ്ടു കേസില്‍ കുറ്റാരോപണം നിലനില്‍ക്കുന്നതാണെന്നു കണ്ടെത്തി.