‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ പ്രദര്‍ശിപ്പിക്കുന്നത് ചോദ്യം ചെയ്തുള്ള പരാതിയില്‍ നാല് ആഴ്ചയ്ക്കകം തീരുമാനം എടുക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി. ചിത്രത്തില്‍ ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്ന് ആരോപിച്ച് കുഞ്ഞാലി മരക്കാരുടെ കുടുംബാംഗം നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍.
സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടും നടപടിയായില്ലെന്ന് ചൂണ്ടിക്കാട്ടി മരയ്ക്കാര്‍ കുടുംബാംഗമായ മുഫീദ അറാഫത് മരക്കാരാണ് ഹര്‍ജി നല്‍കിയത്. സെന്‍സര്‍ ബോര്‍ഡിനും കേന്ദ്ര സര്‍ക്കാരിനും 2020 ഫെബ്രവരിയില്‍ പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമായില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.
റൂള്‍ 32 പ്രകാരം നടപടി എടുക്കണ്ടത് കേന്ദ്ര സര്‍ക്കാര്‍ ആണെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട്. പരാതി കേന്ദ്ര സര്‍ക്കാരിന് കൈമാറിയിട്ടുണ്ടെന്നും സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. കുഞ്ഞാലി മരക്കാരുടെ ജീവിതത്തെ വസ്തുതാവിരുദ്ധമായി ചിത്രീകരിക്കുന്നതായി സിനിമയുടെ ടീസറില്‍ നിന്നും വ്യക്തമാകുന്നതായി മുഫീദ പറയുന്നു.
Read more
ഇത് സാമുദായിക വിദ്വേഷം ജനിപ്പിക്കാന്‍ കാരണമാകും. വിദഗ്ധ സമിതി പരിശോധിച്ചതിന് ശേഷം മാത്രമേ ചിത്രത്തിന് അനുമതി നല്‍കാവൂ എന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. കുഞ്ഞാലി മരയ്ക്കാര്‍ സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഒരു ഘടകമാണ്, സിനിമ പദര്‍ശിപ്പിച്ചാല്‍ അത് കുട്ടികളുടെ മനസില്‍ ഗുരുതരമായ സ്വാധീനം ചെലുത്തും എന്നുമാണ് ഹര്‍ജിയിലെ ആരോപണം.