ബിജെപിയുടെ സംസ്ഥാന അധ്യക്ഷനെ ഇന്നറിയാം. കോര്‍കമ്മറ്റി യോഗത്തില്‍ തീരുമാനം അറിയിക്കും. ഔദ്യോഗിക പ്രഖ്യാപനം നാളെയാണ് ഉണ്ടാവുക. ജില്ലാ കമ്മറ്റി തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാകുകയും വിവിധ തലത്തിലുള്ള കൂടിക്കാഴ്ചകള്‍ നടത്തുകയും ചെയ്ത സാഹചര്യത്തിലാണിത്. സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കാൻ ഇന്ന് രാവിലെ കോര്‍കമ്മിറ്റിയോഗം തിരുവനന്തപുരത്ത് ചേരും.
ബിജെപി കേന്ദ്രഘടകം സംസ്ഥാന അധ്യക്ഷനെ കഴിഞ്ഞ ദിവസം തന്നെ നിശ്ചയിച്ചിട്ടുണ്ട്. കേന്ദ്രം പ്രസിഡന്റുസ്ഥാനത്തേക്ക് പരിഗണിക്കുന്ന നേതാവില്‍നിന്ന് ഇന്ന് പത്രിക സ്വീകരിക്കും. മത്സരം ഒഴിവാക്കാന്‍ ഒരാളില്‍നിന്നേ പത്രിക സ്വീകരിക്കാന്‍ സാധ്യതയുള്ളൂ. സംസ്ഥാനപ്രസിഡന്റിനെ നിശ്ചയിക്കുന്നത് പൂര്‍ണമായും കേന്ദ്രഘടകത്തിന്റെ തീരുമാനമായതിനാല്‍ ആരാകുമെന്നതില്‍ സംസ്ഥാനത്തെ നേതാക്കള്‍ക്കും ഇതുവരെ സൂചനകളൊന്നുമില്ല.
അതേസമയം കേരളത്തില്‍വെച്ചുതന്നെ പ്രസിഡന്റിനെ പ്രഖ്യാപിക്കും. 2020 ഫെബ്രുവരിയിലാണ് സുരേന്ദ്രന്‍ പ്രസിഡന്റായത്. തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ ജയം, ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടുവിഹിതം ഉയര്‍ന്നത്, തദ്ദേശസ്ഥാപന-നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു തുടങ്ങിയവ സുരേന്ദ്രന് അനുകൂലമാകുമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ വിശ്വസിക്കുന്നു. ആര്‍എസ്എസ് പിന്തുണയുണ്ടെന്നും ഇക്കൂട്ടര്‍ അവകാശപ്പെടുന്നു.
എന്നാല്‍, ആദ്യടേം കഴിഞ്ഞും തുടരുന്ന സുരേന്ദ്രനുപകരം ഇപ്പോള്‍ ജനറല്‍ സെക്രട്ടറിയായ എം.ടി. രമേശിന് അനുകൂലസാഹചര്യമാണെന്നാണ് പി.കെ. കൃഷ്ണദാസ് പക്ഷത്തെ നേതാക്കള്‍ പറയുന്നത്. വനിതാപ്രസിഡന്റുമതിയെന്ന് കേന്ദ്രഘടകം തീരുമാനിച്ചാല്‍ ഇപ്പോള്‍ വൈസ് പ്രസിഡന്റായ ശോഭാ സുരേന്ദ്രനാണ് സാധ്യത.