'ഹിഗ്വിറ്റ'യ്ക്ക് വിലക്ക് തുടരും! ഫിലിം ചേംബര്‍ ചര്‍ച്ച പരാജയം; സംവിധായകന്‍ കോടതിയിലേക്ക്

‘ഹിഗ്വിറ്റ’ വിവാദത്തില്‍ ഫിലിം ചേബംര്‍ നടത്തിയ ചര്‍ച്ച പരാജയം. ഇന്ന് ഫിലിം ചേംബര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പേരിനെ ചൊല്ലിയുള്ള വിവാദം തീര്‍പ്പായില്ല. പര് മാറ്റണമെന്ന ഫിലിം ചേംബറിന്റെ ആവശ്യം സംവിധായകന്‍ ഹേമന്ദ് ജി നായര്‍ അംഗീകരിച്ചില്ല. ഇതോടെ പേരിനെതിരെ വിലക്കുമായി മുന്നോട്ടെന്ന് ഫിലിം ചേംബര്‍ വ്യക്തമാക്കി.

നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് സംവിധായകന്‍ വ്യക്തമാക്കി. എന്‍.എസ് മാധവന്റെ ചെറുകഥയും സിനിമയും തമ്മില്‍ ബന്ധമില്ല. കഥാമോഷണം എന്ന ആരോപണത്തിന് അടിസ്ഥാനമില്ല. ഫിലിം ചേംബറിന്റെ വിലക്കിനെ നിയമപരമായി നേരിടുമെന്നും സംവിധായകന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഹിഗ്വിറ്റയെന്ന പേരിടാന്‍ എന്‍.എസ് മാധവനില്‍ നിന്ന് അനുമതി തേടണമെന്ന് ഫിലിം ചേംബര്‍ ആവശ്യപ്പെട്ടതായും സംവിധായകന്‍ പറഞ്ഞു. ഫിലിം ചേംബറിന്റെ കൊച്ചിയിലെ ഓഫീസില്‍ ആയിരുന്നു ചര്‍ച്ച നടന്നത്. ‘ഹിഗ്വിറ്റ’ എന്ന തന്റെ ചെറുകഥയുടെ പേര് അനുമതിയില്ലാതെ സിനിമയ്ക്ക് നല്‍കി എന്ന എന്‍.എസ് മാധവന്റെ പരാതിയെ തുടര്‍ന്നാണ് പേര് വിലക്കിയത്.

Read more

എന്നാല്‍ തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് വിലക്കെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. സിനിമയുടെ പേര് മാറ്റില്ലെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ഡിസംബര്‍ 22ന് റിലീസ് ചെയ്യാനിരിക്കുന്ന സുരാജ് വെഞ്ഞാറമൂട് ചിത്രമാണ് ഹിഗ്വിറ്റ.