ഭര്‍ത്താവിന് പൂര്‍ണ്ണ പിന്തുണ..; ലൈംഗികാതിക്രമ കേസിന് പിന്നാലെ ശ്രീകുമാറിനൊപ്പമുള്ള ചിത്രവുമായി സ്‌നേഹ

നടന്‍ എസ്പി ശ്രീകുമാറിനെതിരെ ലൈംഗികാതിക്രമ കേസ് വന്നതിന് പിന്നാലെ, പിന്തുണയുമായി നടിയും താരത്തിന്റെ ജീവിതപങ്കാളിയുമായ സ്‌നേഹ ശ്രീകുമാര്‍. സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടന്നുവെന്ന നടിയുടെ പരാതിയില്‍ കഴിഞ്ഞ ദിവസമാണ് ശ്രീകുമാറിനെതിരെയും ബിജു സോപാനത്തിനെതിരെയും കേസ് എടുത്തത്.

തുടര്‍ന്ന് നടനെതിരെ കടുത്ത സൈബറാക്രമണം നടക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സ്‌നേഹയുടെ ചിത്രവും പോസ്റ്റും. ‘ഞങ്ങള്‍’ എന്ന ക്യാപ്ഷനോടെയാണ് സ്‌നേഹ ചിത്രം പങ്കുവച്ചത്. നിരവധി പേര്‍ സ്‌നേഹയ്ക്ക് പിന്തുണയുമായി രംഗത്തെത്തി.

എന്നാല്‍, ശ്രീകുമാറിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിനെ കുറിച്ചും പലരും കമന്റുകള്‍ രേഖപ്പെടുത്തി. അതേസമയം, കൊച്ചി ഇന്‍ഫോപാര്‍ക്ക് പൊലീസ് ആണ് നടന്‍മാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഒരാള്‍ നടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നും രണ്ടാമത്തെയാള്‍ ഭീഷണിപ്പെടുത്തി എന്നുമാണ് പൊലീസ് പറയുന്നത്.

കേസ് നിലവില്‍ കൊച്ചി തൃക്കാക്കര പൊലീസിന് കൈമാറി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം തന്നെ സീരിയല്‍ നടിയുടെ കേസും അന്വേഷിക്കുമെന്നാണ് വിവരം. നേരത്തെ ഹേമ കമ്മിറ്റിക്ക് മുമ്പില്‍ നടി മൊഴി നല്‍കിയിരുന്നു.