ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചെന്ന പരാതിക്ക് പിന്നാലെ യുദ്ധം പ്രഖ്യാപിച്ച് നടി ഹണി റോസ്. അസഭ്യഅശ്ലീലഭാഷപണ്ഡിതമാന്യന്മാരെ… എല്ലാ സ്ത്രീകൾക്കും വേണ്ടി നിങ്ങളോട് ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നുവെന്ന് ഹണി റോസ് സാമൂഹ്യ മാധ്യമത്തിൽ കുറിച്ചു. ഇന്ത്യയിലെ നിയമസംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് ഞാൻ പൊതുവേദിയിൽ എത്തിയിട്ടില്ലെന്നും താരം പങ്കുവച്ച പോസ്റ്റിൽ പറയുന്നു.
നിങ്ങൾ ഓരോരുത്തരും അവരവരുടെ ചിന്തകൾ അനുസരിച്ച് സ്വയം നിയമസംഹിതകൾ സൃഷ്ടിക്കുന്നതിൽ ഞാൻ ഉത്തരവാദി അല്ലെന്നും താരം പറയുന്നു. ഒരു അഭിനേത്രി എന്ന നിലയിൽ എന്നെ വിളിക്കുന്ന ചടങ്ങുകൾക്ക് പോകുന്നത് എൻ്റെ ജോലിയുടെ ഭാഗമാണ്. എന്റെ വസ്ത്രധാരണത്തെക്കുറിച്ചോ എന്നെക്കുറിച്ചോ ക്രിയാത്മകമായോ സർഗാത്മകമായോ വിമർശിക്കുന്നതിലും തമാശ ഉണ്ടാക്കുന്നതിലും എനിക്ക് വിരോധം ഇല്ല, പരാതി ഇല്ല. പക്ഷെ അത്തരം പരാമർശങ്ങൾക്ക്, ആംഗ്യങ്ങൾക്ക് ഒരു റീസണബിൾ റെസ്ട്രിക്ഷൻ വരണം എന്ന് ഞാൻ വിശ്വസിക്കുന്നുവെന്നും ഹണി തന്റെ പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.
കുറിപ്പിന്റെ പൂർണരൂപം
ഇന്ത്യയിലെ നിയമസംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് ഞാൻ പൊതുവേദിയിൽ എത്തിയിട്ടില്ല. നിങ്ങൾ ഓരോരുത്തരും അവരവരുടെ ചിന്തകൾ അനുസരിച്ച് സ്വയം നിയമസംഹിതകൾ സൃഷ്ടിക്കുന്നതിൽ ഞാൻ ഉത്തരവാദി അല്ല. ഒരു അഭിനേത്രി എന്ന നിലയിൽ എന്നെ വിളിക്കുന്ന ചടങ്ങുകൾക്ക് പോകുന്നത് എൻ്റെ ജോലിയുടെ ഭാഗമാണ്. എന്റെ വസ്ത്രധാരണത്തെക്കുറിച്ചോ എന്നെക്കുറിച്ചോ ക്രിയാത്മകമായോ സർഗാത്മകമായോ വിമർശിക്കുന്നതിലും തമാശ ഉണ്ടാക്കുന്നതിലും എനിക്ക് വിരോധം ഇല്ല, പരാതി ഇല്ല. പക്ഷെ അത്തരം പരാമർശങ്ങൾക്ക്, ആംഗ്യങ്ങൾക്ക് ഒരു Reasonable restriction വരണം എന്ന് ഞാൻ വിശ്വസിക്കുന്നു. ആയതിനാൽ എൻ്റെ നേരെ ഉള്ള വിമർശനങ്ങളിൽ അസഭ്യഅശ്ലീലപരാമർശങ്ങൾ ഉണ്ടെങ്കിൽ ഭാരതീയ ന്യായ സംഹിത അനുസരിച്ച് സ്ത്രീക്ക് തരുന്ന എല്ലാ സംരക്ഷണസാധ്യതകളും പഠിച്ച് ഞാൻ നിങ്ങളുടെ നേരെ വരും. ഒരിക്കൽ കൂടി പറയുന്നു സമൂഹമാധ്യമങ്ങളിലെ അസഭ്യഅശ്ലീലഭാഷപണ്ഡിതമാന്യന്മാരെ നിങ്ങളോട് ഇതേ അവസ്ഥയിൽ കടന്നു പോകുന്ന എല്ലാ സ്ത്രീകൾക്കും വേണ്ടി ഹണി റോസ് എന്ന ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നു.