വലിയ പ്രതീക്ഷകളോടെയാണ് സി.ബി.ഐ 5 ദി ബ്രെയ്ന്‍ പ്രേക്ഷകരിലേക്കെത്തിയത്. എന്നാല്‍ റിലീസിന് പിന്നാലെ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. അഞ്ചാം ഭാഗത്തിന്റെ റിലീസിന് ശേഷം മുന്‍ സി.ബി.ഐ സിനിമകളുടെ നിലവാരം പുലര്‍ത്താനായില്ല എന്ന വിമര്‍ശനമാണ് ഉയര്‍ന്നത്. മാറിയ കാലത്തിനനുസരിച്ചുള്ള മേക്കിംഗും തിരക്കഥയും ഒരുക്കിയില്ല എന്നതാണ് പ്രധാനമായും വിമര്‍ശകര്‍ ഉന്നയിച്ചത്.
ചിത്രത്തിന്റെ പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ പരിഹാസ പാത്രമാവുകയാണ്. അടുത്തിടെ ഇറങ്ങിയ പോസ്റ്ററിലെ ക്യാപ്ഷനുകളാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമാവുന്നത്.
‘സ്ത്രീകളെ വേദനിപ്പിച്ചാല്‍ സേതുരാമയ്യര്‍ സഹിക്കില്ല
ഒരു തരി വെറുപ്പ് മതി ഒരു മലയാളം സ്നേഹം ഇല്ലാതാക്കാന്‍
പ്രകൃതിക്ക് ഒരു നിയമമുണ്ട്, ഈശ്വരന് ഒരു നിശ്ചയമുണ്ട്, ഒരു കൊലപാതകം ചെയ്താല്‍ ഒരു കടുകുമണിയോളം തെളിവ് ബാക്കിവെച്ചേ മതിയാകൂ
വരും തലമുറക്കള്ള സന്ദേശവുമായെത്തിയ സേതുരാമയ്യര്‍ക്ക് വന്‍ സ്വീകരണം,’ എന്നിങ്ങനെയായിരുന്നു പോസ്റ്ററിലെ വാചകങ്ങള്‍.
10 വര്‍ഷം മുമ്പേ ഇറങ്ങിയ ചിത്രങ്ങള്‍ക്ക് പോലും ഇത്തരം ക്യാപ്ഷനുകള്‍ ഇല്ലായിരുന്നു എന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു. വൈകീട്ട് ആറ് മണിക്ക് ശേഷം സംപ്രേഷണം ചെയ്യുന്ന സീരിയലുകളുടെ ക്യാപ്ഷനുകളോടാണ് മറ്റ് ചിലര്‍ പോസ്റ്ററിലെ വാചകങ്ങളോട് ഉപമിച്ചത്. ചിത്രവുമായി ഒരു ബന്ധവുമില്ലാത്ത വരികളാണിതെന്നും ആക്ഷേപമുണ്ട്.