തനിക്കെതിരായ രണ്ട് ലൈംഗികാതിക്രമ പരാതികളും വ്യാജമെന്ന് നടൻ ജയസൂര്യ. തിരുവനന്തപുരത്ത് നടന്ന ചോദ്യംചെയ്യലിന് ശേഷം സംസാരിക്കുകയായിരുന്നു താരം. 11 മണിക്കായിരുന്നു ചോദ്യം ചെയ്യൽ. അന്വേഷണ ഉദ്യോഗസ്ഥനായ കന്റോൺമെന്റ് എസ് എച്ച് ഒക്ക് മുന്നിലാണ് ജയസൂര്യ ഹാജരായത്.
സെക്രട്ടറിയേറ്റിൽ വെച്ച് നടന്ന ഷൂട്ടിംഗിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി നൽകിയ നടിയുമായി ഒരു സൗഹൃദവുമില്ലെന്നും ജയസൂര്യ പറഞ്ഞു. 2008 രണ്ട് മണിക്കൂർ മാത്രമായിരുന്നു സെക്രട്ടറിയേറ്റിൽ ഷൂട്ടിംഗ് അനുമതി ഉണ്ടായിരുന്നത്. പരാതിക്കാരി ആരോപിച്ച സ്ഥലത്തായിരുന്നില്ല, താഴത്തെ നിലയിലായിരുന്നു ഷൂട്ടിംഗ് നടന്നതെന്നും പരാതി വ്യാജമാണെന്നും ജയസൂര്യ പറഞ്ഞു.
2013 ൽ തൊടുപുഴയിൽ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയും വ്യാജമാണ്. ആ സിനിമയുടെ ഷൂട്ട് 2011ൽ തന്നെ പൂർത്തിയായതാണ്. തൊടുപുഴ ആയിരുന്നില്ല, കൂത്താട്ടുകുളത്തായിരുന്നു സിനിമയുടെ ലൊക്കേഷൻ. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും തന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും ജയസൂര്യ പറഞ്ഞു.
സെക്രട്ടറിയേറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ജയസൂര്യ ലൈംഗിക അതിക്രമം നടത്തിയെന്നാണ് കൊച്ചി സ്വദേശിയായ നടിയുടെ പരാതി. 2008 ൽ നടന്ന സംഭവത്തിലാണ് കന്റോൺമെന്റ് പൊലിസ് കേസെടുത്തത്. ഈ കേസിൽ ജയസൂര്യക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ചോദ്യം ചെയ്യാൻ ഹാജരായാൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടണമെന്നാണ് കോടതി നിർദ്ദേശം.