ജെ.സി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ടി.വി ചന്ദ്രന്

ജെ.സി ഡാനിയേല്‍ അവാര്‍ഡ് സംവിധായകന്‍ ടി.വി ചന്ദ്രന്. മലയാള സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് സംസ്ഥാന ചലച്ചിത്ര മേഖലയിലെ പരമോന്നത പുരസ്‌കാരം ടി.വി ചന്ദ്രന് നല്‍കിയിരിക്കുന്നത്. സംവിധായകന്‍ പി.എ ബക്കറിന്റെ അസിസ്റ്റന്റായാണ് സിനിമയിലെ തുടക്കം.

റിസര്‍വ് ബാങ്കിലെ ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം സിനിമാലോകത്തേക്ക് കടന്നുവന്നത്. മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത പൊന്തന്‍മാട എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചു.

കൃഷ്ണന്‍കുട്ടി, ഹേമാവിന്‍ കാതലര്‍കള്‍, ആലീസിന്റെ അന്വേഷണം, പൊന്തന്‍മാട, ഓര്‍മകള്‍ ഉണ്ടായിരിക്കണം, മങ്കമ്മ, സൂസന്ന, ഡാനി, പാഠം ഒന്ന് ഒരു വിലാപം, കഥാവശേഷന്‍, ആടുംകൂത്ത്, വിലാപങ്ങള്‍ക്കപ്പുറം, ഭൂമി മലയാളം, ശങ്കരനും മോഹനും, ഭൂമിയുടെ അവകാശികള്‍, മോഹവലയം, പെങ്ങളില തുടങ്ങിയവയാണ് സിനിമകള്‍.

സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങളുടെയും തിരക്കഥ എഴുതിയതും ടി.വി ചന്ദ്രന്‍ തന്നെയാണ്. ആറ് ദേശീയ അവാര്‍ഡുകളും പത്ത് സംസ്ഥാന അവാര്‍ഡുകളും ലഭിച്ചു. ബക്കര്‍ സംവിധാനം ചെയ്ത ‘കബനീനദി ചുവന്നപ്പോള്‍’ എന്ന പ്രശസ്ത ചിത്രത്തിലെ നായകന്‍ ടി.വി ചന്ദ്രനായിരുന്നു.