മലയാള സിനിമയുടെ രക്ഷകനായി ജൂഡ്, ഞായറാഴ്ച കളക്ഷനില്‍ വന്‍ കുതിപ്പ്; ആദ്യ വാരാന്ത്യത്തില്‍ നേടിയത് കോടികള്‍...

മലയാള സിനിമയുടെ രക്ഷകനായി ജൂഡ് ആന്തണി. മലയാള സിനിമ കാണാന്‍ തിയേറ്ററുകളില്‍ ആളില്ല എന്ന ആശങ്കള്‍ക്കിടെയാണ് ‘2018 എവരിവണ്‍ ഈസ് എ ഹീറോ’ സിനിമ തിയേറ്ററുകളില്‍ എത്തിയത്. വലിയ ഹൈപ്പോ പ്രമോഷനോ ഇല്ലാതെ തിയേറ്ററുകളില്‍ എത്തിയ ചിത്രം ആദ്യ ദിവസം തന്നെ ശ്രദ്ധ നേടുകയായിരുന്നു.

കേരളം നേരിട്ട മഹാപ്രളയം പശ്ചാത്തലമാക്കിയിരിക്കുന്ന ചിത്രം വെള്ളിയാഴ്ചയാണ് തിയറ്ററുകളില്‍ എത്തിയത്. വൈകുന്നേരത്തോടെ കേരളം മുഴുവന്‍ ഹൗസ്ഫുള്‍ ഷോകളാല്‍ നിറഞ്ഞു. ശനിയാഴ്ച 2018ന് കേരളത്തില്‍ 67 അഡീഷണല്‍ ഷോകളാണ് ഉണ്ടായത്. 86 എക്‌സ്ട്രാ ഷോകളാണ് ഞായറാഴ്ച നടന്നത്.

ഇതോടെ ഈ വാരാന്ത്യത്തില്‍ ചിത്രം ഗംഭീര കളക്ഷനാണ് നേടിയിരിക്കുന്നത്. റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്നും ചിത്രം നേടിയത് 1.85 കോടി രൂപ ആയിരുന്നെങ്കില്‍ രണ്ടാം ദിനമായ ശനിയാഴ്ച നേടിയത് 3.5 കോടി രൂപയാണ്. ഇതിനെ മറികടന്നാണ് ഞായറാഴ്ചത്തെ നേട്ടം.

4 കോടിയിലേറെയാണ് ഞായറാഴ്ച കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയത് എന്നാണ് ബോക്‌സോഫീസ് ട്രാക്കര്‍മാര്‍ അറിയിക്കുന്നത്. കേരളത്തില്‍ നിന്നുള്ള ആദ്യ വാരാന്ത്യ കളക്ഷന്‍ 10 കോടിക്ക് മുകളിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആഗോള ബോക്‌സ് ഓഫീസ് പരിഗണിച്ചാല്‍ ആകെയുള്ള ഓപണിംഗ് വീക്കെന്‍ഡ് ഗ്രോസ് 18 കോടിയിലേറെ വരും. ഇത് മലയാള സിനിമയുടെ എക്കാലത്തെയും വലിയ ഓപ്പണിംഗ് കളക്ഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടും. 70ല്‍ അധികം പരാജയ ചിത്രങ്ങളാണ് ഈ വര്‍ഷം മലയാളത്തില്‍ എത്തിയത്. എന്നാല്‍ 2018 ഗംഭീര ഹിറ്റ് ആവുകയാണ്.