'കടവുളെ പോലെ കാപ്പവന്‍ ഇവന്‍'; തിയേറ്ററുകളില്‍ ആരാധക ആവേശത്തില്‍ മുങ്ങിപ്പോയ ലൂസിഫറിലെ ഗാനം

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫര്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി കുതിക്കുകയാണ്. മോഹന്‍ലാലിനെ നടനെ ആരാധകര്‍ ആഗ്രഹിക്കുന്നതുപോലെ വളരെ എനര്‍ജറ്റിക്കായി തിരശീലയില്‍ നിറയ്ക്കാന്‍ പൃഥ്വിരാജിലെ സംവിധായകന് കഴിഞ്ഞിട്ടുണ്ടെന്നാണ് പ്രേക്ഷക പക്ഷം. ഇപ്പോഴിതാ തിയേറ്ററില്‍ ആരാധക ആവേശത്തില്‍ മുങ്ങിയ ചിത്രത്തിലെ “സ്റ്റണ്ട് ഗാനം” റിലീസ് ചെയ്തിരിക്കുകയാണ്. കടവുളെ പോലെ കാപ്പവന്‍ ഇവന്‍” എന്നു തുടങ്ങുന്ന തമിഴ് ഗാനമാണ് പുറത്തു വന്നിരിക്കുന്നത്. ലോഗന്റെ വരികള്‍ക്ക് ദീപക് ദേവ് സംഗീതം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് കാര്‍ത്തിക്കാണ്.

മുരളി ഗോപി തിരക്കഥയിലൊരുങ്ങിയ ചിത്രത്തില്‍ സ്റ്റീഫന്‍ നെടുംപുള്ളി എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ഒരു രാഷ്ട്രീയ നേതാവിന്റെ മരണവും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായിക. ബോളിവുഡ് താരം വിവേക് ഒബ്‌റോയി ആണ് വില്ലന്‍. വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങിയ ചിത്രം പൃഥ്വിരാജ് ആദ്യ സംവിധാന സംരഭമാണ്.

Read more

പൃഥ്വിരാജ്, ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, ടൊവിനോ, ഫാസില്‍, സായിക്കുമാര്‍, ബൈജു, ജോണ്‍ വിജയ്, നൈല ഉഷ, സാനിയ ഇയ്യപ്പന്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം സുജിത്ത് വാസുദേവ്.