'കുറേ നാളായി ഒരുമിച്ച് ജീവിക്കാം എന്ന് തീരുമാനിച്ചിട്ട്, പക്ഷെ ആളെ കിട്ടിയില്ല'; സുബിയെ വിവാഹം കഴിക്കാനിരുന്ന കലാഭവന്‍ രാഹുലിന്റെ വാക്കുകള്‍

സുബി സുരേഷിന്റെ അപ്രതീക്ഷിത മരണം സിനിമാ ലോകത്തും പ്രേക്ഷകര്‍ക്കിടയിലും ഞെട്ടല്‍ തീര്‍ത്തിരുന്നു. 42-ാം വയസിലാണ് കരള്‍ രോഗത്തെ തുടര്‍ന്ന് സുബി സുരേഷ് അന്തരിച്ചത്. വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് സുബിയുടെ അന്ത്യം. സുബിയെ വിവാഹം ചെയ്യാനിരുന്ന കലാഭവന്‍ രാഹുല്‍ പറഞ്ഞ വാക്കുകള്‍ ആരാധകരെ നൊമ്പരത്തിലാഴ്ത്തുകയാണ്.

താലിമാലയ്ക്ക് വരെ ഓര്‍ഡര്‍ കൊടുത്തു, ഫെബ്രുവരിയില്‍ വിവാഹം ഉണ്ടാവുമെന്ന് നേരത്തെ സുബി തന്നെ തുറന്നു പറഞ്ഞിരുന്നു. വിവാഹം കഴിക്കണമെന്ന് മൂന്ന് വര്‍ഷമായി സുബിയെ നിര്‍ബന്ധിക്കുകയായിരുന്നു എന്ന് സുബിയുടെ സുഹൃത്തും മുതിര്‍ന്ന മിമിക്രി കലാകാരനുമായ കെ എസ് പ്രസാദും തുറന്നു പറഞ്ഞിട്ടുണ്ട്.

കലാഭവന്‍ രാഹുലിന്റെ വാക്കുകള്‍:

കുറെ ദിവസം ഐസിയുവില്‍ നോക്കി. ആളെ കിട്ടിയില്ല. എല്ലാ രീതിയിലുള്ള ചികിത്സയും കൊടുത്തു. കുറേ നാളായി ഞങ്ങള്‍ ഒരുമിച്ച് പ്രോഗ്രാമിന് പോയി കൊണ്ടിരിക്കുകയായിരുന്നു. അതങ്ങനങ്ങ് പോകുകയാണെങ്കില്‍ ഭാവിയില്‍ ഒരുമിച്ച് ജീവിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു.

ആശുപത്രിയില്‍ വച്ച് സംസാരിച്ചപ്പോള്‍ പല ഘട്ടത്തില്‍ ആരോഗ്യത്തില്‍ ഇംപ്രൂവ്‌മെന്റ് ഉണ്ടായിരുന്നു. ചില സമയങ്ങളില്‍ ഓര്‍മയൊക്കെ പോകുന്നുണ്ടായിരുന്നു. ഡോക്ടര്‍മാരും പറഞ്ഞത് ഇംപ്രൂവായി വരുമെന്നാണ്. പക്ഷേ സോഡിയവും പൊട്ടാസ്യവുമൊക്കെ കുറയാറുണ്ട്.

Read more

പുള്ളിക്കാരി ഭക്ഷണം കഴിക്കുന്നത് കുറവായിരുന്നു. ട്രിപ്പ് പോകുകയാണെങ്കിലും ഭക്ഷണം കഴിക്കുന്നത് സുബിക്ക് വലിയ താല്‍പര്യം ഇല്ലായിരുന്നു. ജ്യൂസൊക്കെ കഴിക്കും എന്ന് മാത്രം. സുബിയുടെ കുടുംബവുമായിട്ടും എനിക്ക് അടുപ്പമായിരുന്നു.