സിനിമ താരങ്ങളുമായി പെൺവാണിഭ ഇടപാടുകളും; ഹൈബ്രിഡ് കഞ്ചാവ് കേസിൽ അറസ്റ്റിലായ തസ്‌ലീമയ്‌ക്കെതിരെ കൂടുതൽ തെളിവുകൾ

ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‍ലീമ സുൽത്താനക്ക് ലഹരിക്ക് പുറമേ സിനിമ താരങ്ങളുമായി പെൺവാണിഭ ഇടപാടുകൾ ഉണ്ടായിരുന്നതായി കണ്ടെത്തൽ. പ്രമുഖ താരത്തിന് മോഡലിൻറെ ചിത്രം അയച്ചു നൽകിയാതായി പൊലീസ് കണ്ടെത്തി. 25,000 രൂപ നല്കണമെന്ന് തസ്‍ലീമ ചാറ്റിലൂടെ ആവശ്യപ്പെടുന്ന തെളിവുകളും ലഭിച്ചു. ലഹരിക്ക് പുറമെ പെൺകുട്ടിയെ എത്തിച്ചു നൽകിയതിനും തെളിവുകൾ ലഭിച്ചു.

തസ്‌ലീമ കഞ്ചാവ് കടത്തിന് ഉപയോഗിച്ച വാഹനം വാടകയ്ക്ക് എടുത്തത് എറണാകുളത്ത് നിന്നാണെന്നും എക്‌സൈസ് കണ്ടെത്തിയിരുന്നു. പിന്നിൽ വൻ ശൃംഖലയുണ്ടെന്നാണ് വിവരം. ആറ് കിലോ ‘പുഷ്’ കിട്ടിയെന്ന തസ്‌ലീമ സുൽത്താന പറയുന്ന ചാറ്റ് വിവരങ്ങളും എക്‌സൈസിന് ലഭിച്ചിട്ടുണ്ട്. വിൽപ്പനക്കാർക്കിടയിലെ ഹൈബ്രിഡ് കഞ്ചാവിന്റെ പേരാണ് ‘പുഷ്’. അതേസമയം തസ്‍ലീമ സുൽത്താനക്കായി ഇന്ന് കസ്റ്റഡി അപേക്ഷ നൽകിയില്ല. കൂടുതൽ തെളിവ് ശേഖരണത്തിന് ശേഷം ആയിരിക്കും കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുക.

കഴിഞ്ഞ ബുധനാഴ്ചയാണ് തസ്‍ലീമയെ ആലപ്പുഴയിൽ നിന്ന് പിടികൂടുന്നത്. വിദേശത്ത് നിന്ന് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് എറണാകുളത്താണ് പ്രതികൾ വിതരണം ചെയ്തത്. മണ്ണഞ്ചേരി സ്വദേശി ഫിറോസുമായി ചേർന്ന് വിൽപന നടത്താനാണ് തസ്‍ലീമ ആലപ്പുഴയിൽ എത്തിയത്. തായ്‌ലൻഡിൽ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചതെന്നാണ് സൂചന. ഓമനപ്പുഴയിലുള്ള റിസോർട്ട് കേന്ദ്രീകരിച്ച് എക്സൈസ് നടത്തിയ റെയ്ഡിലാണ് ലഹരി പിടിച്ചെടുത്തത്.

രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. സിനിമാ താരങ്ങൾക്കാണ് ലഹരി കൈമാറിയതെന്ന് തസ്‍ലീമ മൊഴി നൽകിയിരുന്നു. സിനിമാ താരങ്ങളുമായുള്ള ബന്ധത്തിൻറെ ഡിജിറ്റൽ തെളിവുകൾ എക്സൈസിന് ലഭിച്ചിട്ടുണ്ട്. പ്രതിക്ക് സിനിമ മേഖലയിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും എക്സൈസ് പറയുന്നു.