'ജീവിച്ചിരിപ്പുണ്ട് സാറേ, അതോണ്ടല്ലേ ഇടക്കിടക്ക് ഓരോരുത്തര്‍ ചത്തോന്ന് ചോദിക്കുന്നത്'; കണ്ണന്‍ താമരക്കുളത്തിന്റെ 'വിധി', ടീസര്‍

കണ്ണന്‍ താമരക്കുളം ചിത്രം ‘വിധി ദി വെര്‍ഡിക്ട്’ ചിത്രത്തിന്റെ ടീസര്‍ പുറത്ത്. ധര്‍മജന്‍, അനൂപ് മേനോന്‍, അബു സലിം എന്നിവരാണ് ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. മരട് ഫ്ളാറ്റ് പൊളിക്കലിനെ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രമാണ് വിധി. നവംബര്‍ 25ന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം ചില നിയമ തടസങ്ങളെ തുടര്‍ന്ന് മാറ്റി വച്ചിരുന്നു.

നീണ്ട നിയമ പോരാട്ടത്തിന് ഒടുവിലാണ് ‘മരട് 357’ എന്ന ചിത്രത്തിന്റെ പേര് വിധി ദി വെര്‍ഡിക്ട് എന്നാക്കി മാറ്റിയത്. മരടില്‍ പൊളിച്ച ഫ്ളാറ്റുകളുടെ നിര്‍മ്മാതാക്കള്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്നാണ് ചിത്രത്തിന്റെ പേര് മാറ്റാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.

നേരത്തെ മാര്‍ച്ച് 19ന് തിയേറ്ററില്‍ റിലീസ് ചെയ്യാനിരിക്കവെ എറണാകുളം മുന്‍സിഫ് കോടതി ചിത്രം തടയുകയായിരുന്നു. അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരംകുളവും ചേര്‍ന്നാണ് വിധി നിര്‍മ്മിക്കുന്നത്.

ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ്, മനോജ് കെ. ജയന്‍, ബൈജു സന്തോഷ്, സാജില്‍ സുദര്‍ശന്‍, സെന്തില്‍ കൃഷ്ണ, സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സരയു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

മരട് ഫ്‌ളാറ്റ് എങ്ങനെയാണ് ഉണ്ടായത്, ഫ്‌ളാറ്റില്‍ ഉണ്ടായിരുന്നവരുടെ ജീവിതത്തില്‍ എന്താണ് സംഭവിച്ചതെന്നും നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി ഫ്‌ളാറ്റ് പണിയാന്‍ കൈക്കൂലി വാങ്ങി അനുമതി നല്‍കിയതിനെ കുറിച്ചും സിനിമയില്‍ പ്രതിപാദിക്കുന്നുണ്ട്. അതിനാല്‍ ചിലര്‍ സിനിമയെ തകര്‍ക്കാന്‍ ശ്രമം നടത്തുകയുണ്ടായി എന്നും സംവിധായകന്‍ പറഞ്ഞിരുന്നു.