‘എമ്പുരാന്‍’ വിവാദങ്ങള്‍ ഓളം തീര്‍ക്കുന്നതിനിടെ മോഹന്‍ലാല്‍ ചിത്രം ‘കണ്ണപ്പ’ വൈകുമെന്ന് റിപ്പോര്‍ട്ടുകള്‍. തെലുങ്കില്‍ നിന്ന് വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നാണ് കണ്ണപ്പ. കാമിയോ റോളിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നതെങ്കിലും സിനിമയിലെ ഒരു പ്രധാന വേഷമായ കിരാത എന്ന കഥാപാത്രമായാണ് താരം എത്തുന്നത്.
ഏപ്രില്‍ 25ന് തിയറ്ററുകളില്‍ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രമാണിത്. ഒരു പ്രധാന എപ്പിസോഡില്‍ ഏറെ പ്രാധാന്യത്തോടെ വരുന്ന വിഎഫ്എക്‌സ് പൂര്‍ത്തിയാക്കാന്‍ കുറച്ച് ആഴ്ചകള്‍ കൂടി വേണ്ടിവരുമെന്നും അണിയറക്കാര്‍ അറിയിച്ചു. അതിനാല്‍ തന്നെ ചിത്രത്തിന്റെ റിലീസ് നീളുമന്നാണ് വിവരം. ചിത്രത്തിന്റെ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.
റിലീസ് തിയതി ഉടന്‍ അറിയിക്കുമെന്നും അണിയറപ്രവര്‍ത്തകരുടെ പ്രസ്താവനയിലുണ്ട്. അതേസമയം, വിഷ്ണു മഞ്ചു നായകനാകുന്ന കണ്ണപ്പ എന്ന ശിവഭക്തന്റെ കഥ പറയുന്ന ചിത്രം 1976ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ‘ഭക്ത കണ്ണപ്പ’യ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് കണ്ണപ്പ ചിത്രം എത്തുന്നത്.
മോഹന്‍ലാല്‍ കൂടാതെ പ്രഭാസ്, അക്ഷയ് കുമാര്‍ എന്നിവരും ചിത്രത്തില്‍ അതിഥി താരങ്ങളായി എത്തുന്നുണ്ട്. പ്രീതി മുകുന്ദന്‍, കാജല്‍ അഗര്‍വാള്‍, ശരത് കുമാര്‍, മോഹന്‍ ബാബു, അര്‍പിത് രംഗ, കൗശല്‍ മന്ദ ദേവരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളില്‍ ചിത്രം ആഗോള റിലീസായെത്തും.