സ്വയം പ്രഖ്യാപിത വിവാദ ആൾദൈവം നിത്യാനന്ദയുടെ മരണവാർത്ത തള്ളി കൈലാസ അധികൃതർ. നിത്യാനന്ദ തന്നെ സ്ഥാപിച്ച സാങ്കൽപ്പിക രാജ്യമായ കൈലാസയിലെ ഉദ്യോഗസ്ഥരാണ് മരണവാർത്ത തള്ളി വിശദീകരണ കുറിപ്പ് പുറത്തിറക്കിയത്. നിത്യാനന്ദ സുരക്ഷിതമായി ജീവനോടെയുണ്ടെന്ന് കുറിപ്പിൽ വ്യക്തമാക്കി.
എന്നാൽ നിത്യാനന്ദയെ അപകീർത്തിപ്പെടുത്താനുള്ള ഈ ക്ഷുദ്രകരമായ അപവാദ പ്രചാരണത്തെ കൈലാസ അസന്ദിഗ്ധമായി അപലപിക്കുന്നുവെന്ന് പ്രസ്താവനയിൽ പറയുന്നു. മാർച്ച് 30 ന് നടന്ന ഉഗാദി ആഘോഷങ്ങളിൽ നിത്യാനന്ദ പങ്കെടുക്കുന്നതിന്റെ ലൈവ് സ്ട്രീം ലിങ്ക് ഇതിന് തെളിവായി കൈലാസ ഉദ്യോഗസ്ഥർ പങ്കുവെച്ചിട്ടുണ്ട്.
വിവാദനായകനായ നിത്യാനന്ദ മരിച്ചെന്ന് ഏപ്രിൽ ഒന്നാണ് തിയ്യതിയാണ് അഭ്യൂഹം പ്രചരിച്ചത്. നിത്യാനന്ദയുടെ അനുയായിയും സഹോദരിയുടെ മകനുമായ സുന്ദരേശ്വരനാണ് ഇക്കാര്യം അറിയിച്ചത്. സനാതനധര്‍മം സ്ഥാപിക്കുന്നതിനുവേണ്ടി പോരാടിയ സ്വാമി ജീവത്യാഗം ചെയ്‌തെന്നായിരുന്നു വെളിപ്പെടുത്തൽ. ഇതിന് പിന്നാലെ നിത്യാനന്ദ മരിച്ചതായി തമിഴ്, ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിൽ ജനിച്ച നിത്യനന്ദ, തനിക്ക് ദിവ്യമായ കഴിവുകൾ ഉണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട്, ആത്മീയതയിലൂടെ പ്രശസ്‌തിയിലേക്ക് ഉയരുകയായിരുന്നു. വലിയ തോതിൽ ഭക്തരെ ആകർഷിച്ച നിത്യനന്ദയ്ക്ക്, ഇന്ത്യയിലും വിദേശത്തുമായി ആശ്രമങ്ങളും ഉണ്ടായിരുന്നു.
ഇതിനിടയിൽ 2010ൽ സിനിമ നടിക്കൊപ്പമുള്ള നിത്യനന്ദയുടെ അശ്ലീല വിഡിയോ പുറത്തുവന്നത്തോടെ വിവാദങ്ങൾക്ക് തുടക്കമായി. ഇതിനിടെ ബലാത്സംഗ, ലൈംഗിക പീഡന കുറ്റങ്ങളും നിത്യനന്ദയ്ക്കെതിരെ ചുമത്തി. വിവാദങ്ങളില്‍ നിറഞ്ഞുനിന്ന നിത്യാനന്ദ 2019ല്‍ ഇന്ത്യ വിട്ടു. തങ്ങളുടെ മൂന്നുമക്കളെ തട്ടിക്കൊണ്ടുപോയതായി തമിഴ് ദമ്പതിമാര്‍ നല്‍കിയ പരാതിയില്‍ ഗുജറാത്ത് പോലീസ് അറസ്റ്റിന് നടപടിയാരംഭിച്ചതിനെത്തുടര്‍ന്നായിരുന്നു രാജ്യംവിട്ടത്.
പിന്നീട് ഇയാൾ ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോറിനു സമീപത്തുള്ള ദ്വീപുകളിലൊന്ന് വാങ്ങി ‘കൈലാസ’ എന്ന പേരിൽ രാജ്യമുണ്ടാക്കി ജീവിക്കുകയാണെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. കൈലാസയ്ക്ക് സ്വന്തമായി പാസ്പോർട്ട് ഉണ്ടന്നായിരുന്നു വാർത്തകൾ. പിന്നീട് പലതവണ ഓണ്‍ലൈന്‍ മുഖേന ആത്മീയപ്രഭാഷണങ്ങള്‍ നടത്തിയിരുന്നു. ലോകത്തിലെ തന്നെ ഏക പരമാധികാര ഹിന്ദു രാഷ്ട്രമാണിതെന്ന് പ്രഖ്യാപിച്ചുകൊണ്ട് പാസ്‌പോർട്ടിന് പുറമേ പൗരത്വം, കറൻസി തുടങ്ങിയവയും ഉണ്ടെന്ന് അവകാശപ്പെട്ടിരുന്നു.
Read more
എന്നാൽ കൈലാസം ഒരു വ്യാജ രാജ്യമാണെന്നും തട്ടിപ്പാണെന്നതുമായിരുന്നു യാഥാർഥ്യം. നിത്യാനന്ദ മരിച്ചെന്ന് 2022ല്‍ അഭ്യൂഹം പ്രചരിച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന താന്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നറിയിച്ച് ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍, കഴിഞ്ഞ കുറച്ചുകാലമായി വീഡിയോ പ്രഭാഷണങ്ങള്‍ പുറത്തുവരുന്നില്ലായിരുന്നു. അതിനിടയിലാണ് ഇപ്പോൾ മരണപ്പെട്ടുവെന്ന വാർത്ത പ്രചരിക്കുന്നത്.