ഇതിഹാസങ്ങളുടെ ഏഴയലത്ത് ഞങ്ങളില്ല, മത്സരിക്കാന്‍ ഉദ്ദേശവുമില്ല ; ആന്റണി പെരുമ്പാവൂര്‍ വിളിച്ചിട്ടില്ലെന്നും സിനിമയുമായി മുന്നോട്ടെന്നും ഡിനി

കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പര സിനിമയാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. മോഹന്‍ലാല്‍ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്ന കൂടത്തായി അധികരിച്ചുള്ള ചിത്രം ആശിര്‍വാദ് സിനിമാസ് ഒരുക്കുന്നുവെന്നം വാര്‍ത്തകള്‍ വന്നു. എന്നാല്‍ അതിന് മുന്നേ തന്നെ കൂടത്തായി എന്ന ചിത്രത്തിന്റെ വര്‍ക്കുകള്‍ മറ്റൊരു ടീം തുടങ്ങിയിരിക്കുകയാണ്. സിനിമ – സീരിയല്‍ നടി ഡിനി ഡാനിയേലാണ് ചിത്രത്തില്‍ നായിക. ഡോളി എന്ന കേന്ദ്രകഥാപാത്രത്തെയാണ് ഡിനി അവതരിപ്പിക്കുന്നത്. റോണെക്‌സ് ഫിലിപ്പ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് വിജീഷ് തുണ്ടത്തില്‍ തിരക്കഥ എഴുതുന്നു. അലക്‌സ് ജോസഫാണ് നിര്‍മ്മാണം.

“ഞങ്ങളുടേത് വളരെ ചെറിയ ഒരു പ്രൊജക്ടാണ്. മത്സരിക്കാന്‍ യാതൊരു ഉദ്ദേശവുമില്ല. ചലച്ചിത്ര മേഖലയിലെ ഇതിഹാസങ്ങളോട് താരതമ്യം ചെയ്യാവുന്നതിന്റെ ഏഴയലത്ത് ഞങ്ങളില്ല. ആന്റണി പെരുമ്പാവൂരോ ആശിര്‍വാദ് സിനിമാസിലെ ആരെങ്കിലുമോ തങ്ങളുടെ ക്രൂവുമായി ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. കൂടത്തായി യാതൊരു മത്സരങ്ങള്‍ക്കും വേണ്ടിയുള്ള ഒരു സിനിമ അല്ല. യാതൊരു മുന്‍വിധികള്‍ക്കു വേണ്ടിയുള്ളതുമല്ല. ഇതിനെ വെറും ഒരു സിനിമ ആയി കാണാനാണ് അപേക്ഷ”” ഡിനി പറഞ്ഞു.

Read more

അതേസമയം, മോഹന്‍ലാലിനു വേണ്ടി നേരത്തേ തയ്യാറാക്കിയ കുറ്റാന്വേഷണ കഥയ്ക്കു പകരമായാണ് കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കുന്നതെന്നാണ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചത്. സിനിമയുടെ തിരക്കഥ, സംവിധാനം എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഫെബ്രുവരിയോടെ ചിത്രീകരണം തുടങ്ങും.