'പേര് മാറ്റിയാ ആള് മാറുവോ, ബജ്രംഗാന്ന് വിളിക്കണോ?'; കാലത്തിന് മുന്നേ സഞ്ചരിച്ച കുഞ്ചാക്കോ ബോബന്‍, വൈറല്‍ ഡയലോഗ്

‘എമ്പുരാന്‍’ സിനിമയുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കുഞ്ചാക്കോ ബോബന്‍ ചിത്രം. വിവാദങ്ങളെ തുടര്‍ന്ന് എമ്പുരാനിലെ വില്ലന്റെ ബജ്രംഗി എന്ന പേര് ബല്‍ദേവ് എന്നാക്കി മാറ്റിയിരുന്നു. സിനിയിലെ ഏതാനും രംഗങ്ങളും കട്ട് ചെയ്ത് കളഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് 2016ല്‍ പുറത്തിറങ്ങിയ ‘വള്ളീം തെറ്റി പുള്ളീം തെറ്റി’യും സിനിമ ചര്‍ച്ചയാകുന്നത്.

കുഞ്ചാക്കോ ബോബനും സൈജു കുറുപ്പും ഉള്‍പ്പെടുന്ന ഒരു കോമഡി രംഗമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഈ രംഗത്തില്‍ ”പിന്നെ നിന്നെ എന്നാ വിളിക്കണം, ബജ്രംഗാന്നോ, പേര് മാറ്റിയാ ആള് മാറുവോടാ” എന്ന് കുഞ്ചാക്കോ ബോബന്‍ സൈജു കുറുപ്പിനോട് പറയുന്നുണ്ട്. ഈ രംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

2025ലെ സംഭവങ്ങള്‍ 2016ല്‍ തന്നെ കുഞ്ചാക്കോ ബോബന്‍ മുന്‍കൂട്ടി കണ്ടോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. കാലത്തിന് മുമ്പേ സഞ്ചരിച്ച ഡയലോഗ്, ഇനി ഇഡി കുഞ്ചാക്കോ ബോബന്റെ വീട്ടിലേക്ക്, കുഞ്ചാക്കോ ബോബന്റെ ഇലുമിനാറ്റി എന്നിങ്ങനെയാണ് വീഡിയോക്ക് താഴെ എത്തുന്ന ചില കമന്റുകള്‍.

അതേസമയം, മാര്‍ച്ച് 27ന് തിയേറ്ററുകളില്‍ എത്തിയ എമ്പുരാന്‍ 250 കോടി രൂപ കളക്ഷന്‍ പിന്നിട്ടിരിക്കുകയാണ്. ചിത്രത്തിലെ ഗുജറാത്ത് കലാപത്തെയും ബാബു ബജ്രംഗിയെയും കുറിച്ചുള്ള റഫറന്‍സുകള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു വിവാദ ഭാഗങ്ങള്‍ സിനിമയില്‍ നിന്ന് ഒഴിവാക്കിയത്.