ഇതുവരെ ചെയ്തത് വെറും നാല് സിനിമകൾ. മാനഗരം, കൈതി, മാസ്റ്റർ, വിക്രം. പക്ഷേ ആ നാല് സിനിമകൾ കൊണ്ട് മാത്രം തെന്നിന്ത്യൻ സിനിമയിൽ തന്റേതായ ഒരു സ്ഥാനമുറപ്പിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്. ഇനി വരാനിരിക്കുന്നത് തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ ലിയോ.
തന്റെ സിനമയിലെ കഥാപാത്രങ്ങളെയെല്ലാം മുൻനിർത്തി 10 സിനിമകൾ ചേർന്ന ഒരു സിനിമാറ്റിക് യൂണിവേഴ്സ് ആണ് താൻ ലക്ഷ്യമിടുന്നത് എന്ന് ലോകേഷ് കനകരാജ് മുൻപൊരിക്കൽ പറഞ്ഞിരുന്നു. അന്ന് സിനിമ ലോകം അതിനെ വലിയ രീതിയിൽ പരിഗണിച്ചില്ല. കമൽ ഹാസൻ നായകനായയെത്തിയ ‘വിക്രം’ എന്ന സിനിമയിൽ തന്റെ മുൻ ചിത്രമായ ‘കൈതി’യിലെ റഫറൻസുകൾ കൊണ്ടുവന്നതോട് കൂടിയാണ് സിനിമ പ്രേമികൾക്കിടയിൽ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന് വളരെയേറെ സ്വീകാര്യത ലഭിച്ചത്.
അതുകൊണ്ട് തന്നെ ലോകേഷ് കനകരാജിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ലിയോ’ എൽ. സി. യുവിൽ ഉൾപ്പെടുമോ എന്നാണ് ചിത്രം പ്രഖ്യാപിച്ചത് മുതൽ വിജയ് ആരാധകർ ഉറ്റുനോക്കുന്ന ഒരു പ്രധാന കാര്യം. നിരവധി ഫാൻ തിയറികൾ ഈ കാര്യത്തിൽ നമുക്ക് സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കും.
കൈതി, വിക്രം എന്നീ സിനിമകളുടെ നിർമ്മാതാക്കളുമായി ലിയോയുടെ നിർമ്മാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോസ് എൻ. ഒ. സി ഒപ്പിട്ടത് ദേശീയ മാധ്യമങ്ങൾ മുന്നെ റിപ്പോർട്ട് ചെയ്തിരുന്നു. അതായത് കൈതിയിലെയും വിക്രത്തിലെയും റെഫറൻസുകൾ ലിയോയില് ഉപയോഗിക്കുന്നതിനുള്ള നിയമതടസം ഒഴിവവാക്കാൻ വേണ്ടിയായിരുന്നു അത് എന്ന് നമ്മുക്ക് മനസിലാക്കാം.
ഇന്നലെയാണ് ലിയോയുടെ ട്രെയ്‌ലർ പുറത്തിറങ്ങിയത്. പുറത്തിറങ്ങി 16 മണിക്കുറിനുള്ളിൽ 28 മില്ല്യൺ വ്യൂസ് ആണ് ട്രെയ്‌ലറിന് ലഭിച്ചത്. സിനിമയിൽ അർപ്പിച്ച പ്രതീക്ഷകളോടെല്ലാം നീതി പുലർത്തുന്നതാണ് പുറത്തിറങ്ങിയ ട്രെയ്‌ലർ. ആരാധകരെ തൃപ്തിപ്പെടുത്തുന്ന എല്ലാ തരം എലമെന്റുകളും ട്രെയ്‌ലറിൽ കാണാൻ സാധിക്കും. എന്നാൽ ഇതൊന്നുമല്ല ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയം . ലിയോ ട്രെയിലറിൽ എൽ. സി. യു റെഫറൻസുകൾ ഉണ്ടോ എന്നാണ് ഇപ്പോൾ ആരാധകർക്കിടയിലെ പ്രധാന ചർച്ച.
ലിയോയിൽ അർജുൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ഹരോൾഡ് ദാസ് എന്നാണ്, സഞ്ജയ് ദത്തിന്റെ കഥാപാത്രത്തിന്റെ പേര് ആന്റണി ദാസ് എന്നുമാണ്. കൂടാതെ കൈതിയിൽ അർജുൻ ദാസ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ അൻപ് ദാസ് എന്നും ഹരീഷ് ഉത്തമൻ അവതരിപ്പിച്ച കഥാപാത്രം അടൈക്കളം ദാസ് എന്നുമാണ്. വിജയിയുടെ ടൈറ്റിൽ കഥാപാത്രമായ ലിയോ ദാസിന് എന്താണ് ഇവരുമായുള്ള ബന്ധം എന്നാണ് പ്രധാനമായും ഉയരുന്ന ഒരു ചോദ്യം. ഇനി ഇവരെല്ലാം സഹോദരങ്ങളാണെങ്കിൽ എങ്ങനെയാണ് ലിയോയിൽ എത്തിയപ്പോൾ മൂന്ന് പേരും ശത്രുക്കളായത് എന്നാണ് എൽ. സി. യു പ്രേക്ഷകർ ഉന്നയിക്കുന്ന പ്രധാന ചോദ്യം.
ട്രെയിലറിലുള്ള ഫ്രെയിമുകളിലും സമാനതകൾ കാണാൻ കഴിയും കമൽ ഹാസൻ വിക്രത്തിൽ കുട്ടിയുമായി കസേരയിൽ ഇരിക്കുന്ന അതേ പോലെയൊരു രംഗം ലിയോ ട്രെയിലറിലും നമുക്ക് കാണാൻ സാധിക്കും. വിക്രത്തിലെ റോളക്സിന്റെ അവസാന രംഗത്തോട് സാമ്യമുള്ള ഹരോൾഡ് ദാസിന്റെ ഒരു രംഗവും ലിയോ ട്രെയിലറിലുണ്ട്.
ചിത്രത്തിന്റെ പോസ്റ്ററുകൾ ഇറങ്ങിയിരുന്ന സമയത്ത് ഡേവിഡ് ക്രോണൻബർഗിന്റെ ‘എ ഹിസ്റ്ററി ഓഫ് വയലൻസ്’ എന്ന ചിത്രത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ടതാണ് ലിയോ എന്നായിരുന്നു സിനിമ പ്രേമികൾ പറഞ്ഞിരുന്നത്. അതിനെ സാധൂകരിക്കുന്ന ഒരുപാട് കാര്യങ്ങൾ ലിയോയിൽ കാണാൻ സാധിക്കും.
ഹരോൾഡ് ദാസും ആന്റണി ദാസും ലിയോ ദാസും സഹോദരങ്ങളാണ് എന്നും ഹിസ്റ്ററി ഓഫ് വയലൻസിലേതു പോലെ തന്റെ സഹോദരങ്ങളുടെ പ്രവൃത്തികളിലും ജീവിതത്തിലും വിയോജിപ്പ് തോന്നിയാണ് വിജയിയുടെ കഥാപാത്രം വേറെ നാട്ടിലേക്ക് വന്നതെന്നും ഫാൻ തിയറികൾ പറയുന്നു. ഇത്തരം ഫാൻ തിയറികളിൽ എത്രത്തോളം യാഥാർത്ഥ്യമുണ്ടെന്ന് അറിയാനും ലിയോ- എൽ. സി. യു കണക്ഷൻ അറിയാനും ഒക്ടോബർ 19 വരെ നമ്മുക്ക് കാത്തിരുന്നേ പറ്റൂ.