ആസിഫ് അലി, അമല പോള്‍, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ‘ലെവല്‍ ക്രോസ്’ ഇനി ഒ.ടി.ടിയിലേക്ക്. ജീത്തു ജോസഫിന്റെ പ്രധാന അസിസ്റ്റന്റ് ആയ അര്‍ഫാസ് അയൂബ് ആണ് ചിത്രം സംവിധാനം ചെയ്തത്. മികച്ച പ്രതികരണങ്ങള്‍ നേടിയെങ്കിലും സിനിമയ്ക്ക് ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം നടത്താനായിട്ടില്ല.
ജൂലൈ 26ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ആകെ നേടിയത് 1.34 കോടി രൂപ മാത്രമാണ് എന്നാണ് ബോക്സ് ഓഫീസ് സൈറ്റായ സാക്നില്‍ക് പുറത്തുവിട്ട കണക്ക്. ചിത്രം ആമസോണ്‍ പ്രൈമില്‍ ഒക്ടോബര്‍ 13 മുതല്‍ സ്ട്രീമിങ് ആരംഭിക്കും. റിലീസ് ചെയ്ത് രണ്ടര മാസത്തിന് ശേഷമാണ് ചിത്രം ഒ.ടി.ടിയില്‍ എത്തുന്നത്.
അപ്പു പ്രഭാകരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ദീപു ജോസഫാണ് എഡിറ്റിങ് നിര്‍വ്വഹിക്കുന്നത്. രമേശ് പിള്ളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിശാല്‍ ചന്ദ്രശേഖര്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. സീതാരാമം, ചിത്ത, ഉറിയടി എന്നീ സിനിമകള്‍ക്ക് സംഗീതം നല്‍കിയ വിശാല്‍ സംഗീതം ഒരുക്കിയ ആദ്യ മലയാള ചിത്രം കൂടിയാണിത്.
സംഭാഷണം – ആദം അയൂബ്ബ്, സൗണ്ട് ഡിസൈനര്‍ – ജയദേവ് ചക്കാടത്ത്. കോസ്റ്റ്യൂം – ലിന്റ്‌റ ജീത്തു. മേക്കപ്പ് – റോണക്‌സ് സേവ്യര്‍. അതേസമയം, ജീത്തു ജോസഫിന്റെ അസിസ്റ്റന്റുകളില്‍ ഒരാളാണ് അര്‍ഫാസ് അയൂബ്. അര്‍ഫാസ് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയതും.