ഗോഡ്സയെ പ്രകീർത്തിച്ച ഷൈജ ആണ്ടവൻ ഡീനായി ചുമതലയേറ്റു; ക്യാംപസിലെത്തിയത് ഊടുവഴികളിലൂടെ, സ്ഥാനക്കയറ്റത്തിനെതിരെ വിദ്യാർത്ഥി പ്രതിഷേധം, സംഘർഷം

ഗോഡ്സെയെ പ്രകീർത്തിച്ചു വിവാദത്തിലായ എൻഐടി അധ്യാപിക ഡോ. ഷൈജ ആണ്ടവൻ ഡീനായി ചുമതലയേറ്റു. ഷൈജ ആണ്ടവൻ ചുമതലയേൽക്കുന്നതിനെതിരെ നിയമിച്ചതിനെതിരെ കോഴിക്കോട് എൻഐടി ക്യാംപസിൽ നടന്ന പ്രതിഷേധത്തിൽ സംഘർഷമുണ്ടായി. യൂത്ത് കോൺഗ്രസ്, എസ്എഫ്ഐ, ഫ്രറ്റേണിറ്റി മൂവ്മെന്റ് എന്നിവരാണ് പ്രതിഷേധം നടത്തിയത്.

രാവിലെ ഏഴരയോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഷൈജ ആണ്ടവന്റെ വസതിക്ക് സമീപത്തെത്തിയിരുന്നു. ഷൈജയെ തടഞ്ഞ് കരിങ്കൊടി കാണിക്കുകയും ക്യാംപസിലേക്കു കയറാൻ അനുവദിക്കാതിരിക്കുകയും ആയിരുന്നു ലക്ഷ്യം. എന്നാൽ മറ്റൊരു വഴിയിലൂടെ ഷൈജ വീട്ടിൽ നിന്ന് ക്യാമ്പസിലെത്തി. പല ഊടുവഴികളിലൂടെ സഞ്ചരിച്ചാണ് കാർ ക്യാംപസിനുള്ളിൽ പ്രവേശിച്ചത്.

ഇതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ക്യാംപസിന് മുന്നിലെത്തി പ്രതിഷേധം ആരംഭിച്ചു. ഇതിനു പിന്നാലെ എസ്എഫ്ഐയും ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവ‍ർത്തകരും എത്തി. ഇതോടെ ക്യാംപസിന് മുന്നിൽ സംഘർഷം ഉടലെടുത്തു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് പ്രവ‍ർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

മുപ്പതോളം പേരെയാണ് അറസ്റ്റ് ചെയ്തത്. ഷൈജയ്ക്ക് സുപ്രധാന പദവി നൽകിയതിെനതിരെ ശനിയാഴ്ച എംകെ രാഘവൻ എംപി എൻഐടിക്ക് മുന്നിൽ ഉപവാസ സമരം നടത്തിയിരുന്നു. മാനദണ്ഡങ്ങൾ മറികടന്നാണ് ഷൈജയ്ക്ക് സ്ഥാനക്കയറ്റം നൽകിയതെന്നാണ് ആരോപണം.

‘പ്രൗഡ് ഓഫ് ഗോഡ്സെ ഫോർ സേവിങ് ഇന്ത്യ എന്നായിരുന്നു’ എൻഐടിയിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് അധ്യാപികയായ ഷൈജ ആണ്ടവൻ ഫേസ്ബുക്കിലിട്ട കമൻ്റ്. ഇതിനെതിരെ വ്യാപക പ്രതിഷേധം ശക്തമായിരുന്നു. സംഭവത്തിന് മാസങ്ങൾക്ക് ശേഷമാണ് ഷൈജയ്ക്ക് സ്ഥാനക്കയറ്റം നൽകി പ്ലാനിംഗ് ആൻഡ് ഡെവലപ്മെൻ്റ് ഡീൻ ആയി നിയമിച്ചത്.