IPL 2025: ഇങ്ങനെ പോകുവാണേല്‍ കപ്പുമുണ്ടാവില്ല ഒരു കുന്തവും കിട്ടില്ല, ഈ ടീമിന് എന്താണ് പറ്റിയത്, പരിഹാരം ഒന്നുമാത്രം, നിര്‍ദേശിച്ച് അമ്പാട്ടി റായിഡു

ഐപിഎലില്‍ ഈ വര്‍ഷം തുടര്‍ച്ചയായി തോല്‍വികളേറ്റുവാങ്ങിയാണ് പാറ്റ് കമ്മിന്‍സ് നയിക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പോക്ക്. നാല് മത്സരങ്ങളില്‍ മൂന്നും തോറ്റ എസ്ആര്‍എച്ച് നിലവില്‍ പോയിന്റ് ടേബിളില്‍ എറ്റവും താഴെയാണ്. രാജസ്ഥാന്‍ റോയല്‍സിനെതിരായ ആദ്യ മത്സരത്തില്‍ മാത്രമാണ് ഹൈദരാബാദിന് ജയം ലഭിച്ചത്. മികച്ച ബാറ്റേര്‍സും ബോളര്‍മാരുമുണ്ടായിട്ടും ആരും അവസരത്തിനൊത്ത് ഉയരാത്തതാണ് ഹൈദരാബാദിന് ഈ സീസണില്‍ വലിയ തിരിച്ചടിയായത്. അതേസമയം എസ്ആര്‍എച്ചിന്റെ ടൂര്‍ണമെന്റിലെ മോശം ഫോമിന്റെ ഉത്തരവാദിത്വം ബാറ്റര്‍മാര്‍ക്ക് മാത്രമല്ല, ബോളര്‍മാര്‍ക്ക് കൂടിയുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരവും കമന്റേററുമായ അമ്പാട്ടി റായിഡു പറയുന്നു.

ഗുജറാത്തിനെതിരെ കഴിഞ്ഞ ദിവസം നടന്ന കളിയില്‍ തോല്‍വി ഏറ്റുവാങ്ങിയ ശേഷമാണ് ഹൈദരാബാദിനെതിരെ റായിഡുവിന്റെ വിമര്‍ശനം. “മധ്യ ഓവറുകളില്‍ പ്രധാന ബാറ്റര്‍മാരുടെ വിക്കറ്റുകള്‍ എടുത്ത് എതിര്‍ടീമുകളെ സമ്മര്‍ദിലാക്കാന്‍ പറ്റുന്ന ആരും ഹൈദരാബാദിനില്ല, നിങ്ങള്‍ ഗുജറാത്തിനെ നോക്കൂ. അവര്‍ക്ക്‌ സായി കിഷോര്‍, റാഷിദ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ എന്നിവരുണ്ട്‌. അവര്‍ ശരിക്കും അവരുടെ റോള്‍ നന്നായി ചെയ്യുന്നു, അമ്പാട്ടി റായിഡു പറഞ്ഞു.

കഴിഞ്ഞ മത്സരങ്ങളില്‍ വിക്കറ്റുകള്‍ക്കായി ഹൈദരാബാദ് ശ്രമിക്കുന്നതായി എനിക്ക് കാണാന്‍ സാധിച്ചില്ല. അവര്‍ ശരിക്കും പ്രതിരോധിക്കാനും ബൗണ്ടറികള്‍ അടിക്കുന്നതില്‍ നിന്നും ബാറ്റര്‍മാരെ തടയുന്നതിനായും ശ്രമിക്കുന്നു. ശരാശരിയില്‍ ഒതുങ്ങുന്ന മധ്യഓവര്‍ ബോളിങ് കൊണ്ട് നിങ്ങള്‍ക്ക് ഐപിഎല്‍ ജയിക്കാന്‍ കഴിയില്ല. ആ വിക്കറ്റുകള്‍ വീഴ്ത്താന്‍ നിങ്ങള്‍ക്ക് ശരിക്കും മികച്ച മിഡില്‍ ഓവര്‍ ബോളര്‍മാര്‍ ആവശ്യമാണ്, അമ്പാട്ടി റായിഡു കൂട്ടിച്ചേര്‍ത്തു.