22 കോടി ചിത്രം നേടിയത് 4 കോടിക്ക് മുകളില്‍ മാത്രം, ഒ.ടി.ടി സ്ട്രീമിംഗും മുടങ്ങി..; 'രാമചന്ദ്ര ബോസ് ആന്‍ഡ് കോ'യെ കുറിച്ച് ലിസ്റ്റിന്‍ സ്റ്റീഫന്‍

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഫ്‌ളോപ്പ് ചിത്രങ്ങളില്‍ ഒന്നാണ് നിവിന്‍ പോളിയുടെ ‘രാമചന്ദ്ര ബോസ് ആന്‍ഡ് കോ’. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ റിലീസ് ചെയ്ത ചിത്രം ഇതുവരെ ഒ.ടി.ടിയില്‍ എത്തിയിട്ടില്ല. എന്തുകൊണ്ടാണ് ഈ സിനിമയുടെ ഡിജിറ്റല്‍ സ്ട്രീമിംഗ് ആരംഭിക്കാത്തത് എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍.

ഹനീഫ് അദേനിയുടെ സംവിധാനത്തില്‍ എത്തിയ ചിത്രം തിയേറ്ററില്‍ വന്‍ പരാജയമാവുകയായിരുന്നു. 22 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രത്തിന് 4.55 കോടി മാത്രമാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടാനായിട്ടുള്ളു എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 25ന് ആണ് രാമചന്ദ്രബോസ് ആന്‍ഡ് കോ തിയേറ്ററുകളിലെത്തിയത്.

സിനിമയുടെ ഒ.ടി.ടി അവകാശം സംബന്ധിച്ച വിലപേശലാണ് ഡിജിറ്റല്‍ സ്ട്രീമിംഗിന്റെ കാലതാമസമതിന് കാരണം. ചിത്രത്തിന്റെ റിലീസ് സമയത്ത് ഒ.ടി.ടി അവകാശത്തിന് ഒരു ഓഫറുണ്ടായിരുന്നു. എന്നാല്‍ തൃപ്തികരമായ ഡീല്‍ ലഭിക്കാത്തത് മൂലമാണ് ഒ.ടി.ടി റിലീസ് വൈകുന്നത് എന്നാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്‌ചേഴ്സും ചേര്‍ന്നാണ് രാമചന്ദ്ര ബോസ് ആന്‍ഡ് കോ നിര്‍മ്മിച്ചത്. ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, വിജിലേഷ്, മമിത ബൈജു, ആര്‍ഷ ബൈജു എന്നീ താരങ്ങളും ചിത്രത്തില്‍ വേഷമിട്ടിരുന്നു. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.

Read more