തെളിവ് ഒരുപാട് നല്ല അനുഭവങ്ങളും, ചില പാഠങ്ങളും സമ്മാനിച്ചു: എം.എ നിഷാദ്

എം.എ നിഷാദ് സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ സസ്പെന്‍സ് ത്രില്ലറാണ് “തെളിവ്”. ലാല്‍, ആശാ ശരത്ത് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന് തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തെളിവ് ഒരുപാട് നല്ല അനുഭവങ്ങളും,ചില പാഠങ്ങളും സമ്മാനിച്ച ചിത്രമാണെന്നും അത് കൊണ്ട് തന്നെ ഈ സിനിമ തനിക്കേറ്റവും പ്രിയപ്പെട്ടതാണെന്നും എം.എ നിഷാദ് പറയുന്നു.

ഓരോ സിനിമയും ഓരോ അനുഭവങ്ങളാണ്. ഓരോ സിനിമയും ഓരോ പാഠങ്ങളുമാണ്. അനുഭവങ്ങളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊളളാനുളള മനസ്സാണ് ഒരു ചലച്ചിത്രകാരന് വേണ്ടത് എന്നാണ് എന്റെ പക്ഷം. തെളിവ് ഒരുപാട് നല്ല അനുഭവങ്ങളും,ചില പാഠങ്ങളും സമ്മാനിച്ചു..അത് കൊണ്ട് തന്നെയാണ് ഈ സിനിമ എനിക്കേറ്റവും പ്രിയപ്പെട്ട എന്റെ സിനിമകളുടെ പട്ടികയില്‍ ഇടം പിടിച്ചത്. സിനിമ സ്വപ്നം കാണുന്നവരുടെ കലയും ലോകവുമാണ്. മഹാനായ ലെനിന്‍ പറഞ്ഞത് പോലെ സിനിമ ഈ നൂറ്റാണ്ടിന്റ്‌റെ കല തന്നെ.

തെളിവിലേക്ക് തിരിച്ച് വരാം. ഒരു സിനിമ ജനിക്കുന്നത് ഒരു സംവിധായകന്റ്‌റേയോ,കഥാകൃത്തിന്റ്‌റെയോ മനസ്സിലായിരിക്കാം. പക്ഷെ ആ സിനിമക്ക് ജീവന്‍ നല്‍കുന്നത് ഒരു നിര്‍മ്മാതാവാണ്. ചുവരുണ്ടെന്കിലേ ഒരു ചിത്രം വരക്കാന്‍ കഴിയുകയുളളൂ. അത് മനോഹര ചിത്രമാകാം, അല്ലെന്കില്‍ വികൃതമാകാം. രണ്ടായാലും ചുവര്‍ വേണം..വരച്ച ചിത്രത്തിന്റ്‌റെ മനോഹാരിത കണ്ട് മതി മറക്കുന്നവര്‍ ആ ചുവരിനെ മറക്കരുത്..അത് നന്ദി കേടാണ്..എന്റ്‌റെ ചിത്രത്തിന്റ്‌റെ നിര്‍മ്മാതാവ് പ്രേംകുമാര്‍ എന്ന പ്രേമന്‍ ചേട്ടന്‍ ഒരു നല്ല കലാകാരനും, മനുഷ്യസ്നേഹിയുമാണ്. തെളിവ് എന്ന സിനിമ പല വൈതരണികളും തരണം ചെയ്താണ് പ്രദര്‍ശനത്തിനെത്തിയത്…നിര്‍മ്മാണ പങ്കാളിയായിട്ട് വന്ന ഒരാളുടെ ചതിയില്‍ വീണ പ്രേമന്‍ ചേട്ടന്റ്‌റെ കൂടെ ഞാനും, ചെറിയാന്‍ കല്‍പകവാടിയും ഉറച്ചു നിന്നു..അത് കൊണ്ട് തെളിവ് യാഥാര്‍ത്ഥ്യമായി..

പലപ്പോഴും സിനിമയുടെ വിജയങ്ങളില്‍ ആഘോഷിക്കപ്പെടുന്നത് അതില്‍ അഭിനയിച്ച താരങ്ങളെ ചുറ്റിപറ്റിയാണ്…എന്നാല്‍ യഥാര്‍ത്ഥ താരങ്ങള്‍ ആ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരാണ്…പുലര്‍ച്ചെ എല്ലാവരേയും വിളിച്ചുണര്‍ത്തി ചായകൊടുത്തു തുടങ്ങി,അത്താഴത്തിന് ഭക്ഷണം വിളമ്പി രാത്രിയുടെ അന്ത്യ യാമങ്ങളില്‍ മാത്രം ഉറങ്ങാന്‍ വിധിക്കപ്പെട്ട പ്രൊഡക്ഷന്‍ ബോയ്‌സ് മുതല്‍, കോരിച്ചൊരിയുന്ന മഴയത്തും, തിളയ്ക്കുന്ന ചൂടിലും, ഭാരമുളള ലൈറ്റുകളും, റിഫ്‌ളെക്റ്ററുകളുമായി പണിയെടുക്കുന്ന ലൈറ്റ് ബോയ്‌സ് മുതല്‍ സംവിധായകന്‍ വരെയുളള ടെക്‌നീഷ്യന്മാര്‍ ..അതെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്കും കൂടി അവകാശപ്പെട്ടതാണ് വിജയങ്ങള്‍…
ഒരു സിനിമ വിജയിച്ചാല്‍ അതിന്റ്‌റെ പിതൃത്വം ഏറ്റെടുക്കാന്‍ ഒരുപാട് പേരുണ്ടാകും,പരാജയപ്പെട്ടാല്‍ അനാഥരാകുന്നത് നിര്‍മ്മാതാവും സംവിധായകനും മാത്രം..
പണ്ടാരോ പറഞ്ഞിട്ടുണ്ട് “”Sucess is a bastard and failure is an orphan””അതെ അത് തന്നെയാണ് സത്യം….ഒരു സിനിമയില്‍ പങ്കാളിയായാല്‍,ആ സിനിമ നമ്മുടേത് കൂടിയാണ് എന്നൊരു ബോധം വേണം ഏതൊരാള്‍ക്കും..അല്ലാതെ സിനിമ സ്വന്തം പ്രശസ്തിക്ക് വേണ്ടി ഉപയോഗിക്കുന്ന ഇടത്താവളമായി മാത്രം കാണരുത്…അത് ഊതി വീര്‍പ്പിച്ച കുമിളകള്‍ പോലെ എന്നെങ്കിലും പൊട്ടും…വര്‍ത്തമാനകാലത്ത് പല നന്മ മരങ്ങള്‍ക്കും സംഭവിച്ചത് അതാണ്…

തെളിവില്‍ എല്ലാ കലാകാരന്മാരും അവരവരുടെ ഭാഗം നന്നായി അവതരിപ്പിച്ചതില്‍ ഞാനൊരുപാട് സന്തോഷവാനാണ്. ഖാലിദ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ലാല്‍, S P രമേശ്കുമാറായി രണ്‍ജി പണിക്കര്‍, ദാമു പണിക്കരായി നെടുമുടിവേണു, ഗൗരിയായി ആശാ ശരത്ത് അങ്ങനെ വലുതും ചെറുതുമായ വേഷങ്ങളില്‍ വന്ന എല്ലാ താരങ്ങളും നല്ല പ്രകടണം തന്നെ കാഴ്ച്ച വെച്ചു…

സിനിമയുടെ പ്രമോഷനും, പരസ്യത്തിനും വേണ്ടി എന്റ്‌റെയും, നിര്‍മ്മാതാവ് പ്രേമന്‍ ചേട്ടനേയും സഹായിച്ച ചിലരേ മറക്കുന്നത് ശരിയല്ല…രണ്‍ജി പണിക്കര്‍, മണിയന്‍ പിളള രാജു, ലാല്‍, ജോയ് മാത്യു, നെടുമുടി , അനില്‍ നെടുമങ്ങാട് , മീരാ നായര്‍, തെസ്‌നി ഖാന്‍, സുധീര്‍ കരമന, സുനില്‍ സുഗത, സോഹന്‍ സീനുലാല്‍ , അനിതാ നായര്‍, കലാഭവന്‍ ഹനീഫ് ,കൃഷ്ണന്‍ ബാലകൃഷ്ണന്‍, പുതുമുഖ താരങ്ങളായ മൊഹ്‌സിന്‍ ഖാന്‍, ലിനീഷ്, അല്‍ അമീന്‍, റോസ്ലിന്‍ ഡേവിഡ് ഇവരുടെയൊക്കെ പിന്തുണ ഈ സിനിമയെ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ ചെറുതല്ലാത്ത പങ്കാണ് വഹിച്ചത്…

സംവിധായകനെന്ന നിലയില്‍ ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു…എന്റെ ടെക്നീഷ്യന്മാരാണ് എന്റെ ശക്തീ ..സിനിമയുടേയും.. തെളിവിന്റ്‌റെ ക്യാമറാ മികവിനെ പറ്റി പ്രേക്ഷകര്‍ പറയുന്ന നല്ല വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ഞാനാണ്…നിഖില്‍ എസ് പ്രവീണ്‍ മുത്താണ്…ദേശീയ അവാര്‍ഡ് ജേതാവിന്റ്‌റെ പകിട്ടിനേക്കാളും, തെളിവിന്റ്‌റെ ഓരോ ഫ്രെയിമും ഹൃദ്യമാക്കി നിഖില്‍ കൂടുതല്‍ പകിട്ടോടെ ഉയരത്തിലെത്തിയിരിക്കുന്നു…

വൈരത്തിന് ശേഷം ചെറിയാന്‍ കല്പകവാടിയുടെ മികച്ച തിരക്കഥ, പശ്ചാത്തല സംഗീതത്തില്‍ എന്നെ അദ്ഭുതപ്പെടുത്തി എന്റ്‌റെ പ്രിയ കൂട്ടുകാരന്‍ എം ജയചന്ദ്രന്‍, എഡിറ്റിംഗും കളറിംഗും ചെയ്ത ശ്രീകുമാര്‍ നായര്‍, സൗണ്ട് ഡിസൈനര്‍ എന്റ്‌റെ സഹോദരന്‍ രാജാകൃഷ്ണന്‍, സംഗീത സംവിധായകന്‍ കല്ലറ ഗോപന്‍, ഗാനരചയിതാക്കളായ പ്രഭാവര്‍മ്മ സാറും, കെ ജയകുമാര്‍ സാറും. എന്നും എന്റെ കൂടെ നില്‍ക്കുന്ന പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ബിനുമുരളി. അങ്ങനെ എല്ലാ ടെക്‌നീഷ്യന്മാരും ഈ സിനിമയുടെ സ്വത്താണ്. പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ അനുകൂലമാകുമ്പോള്‍, പ്രത്യേകിച്ച് കുടുംബ പ്രേക്ഷകര്‍ തിയേറ്ററില്‍ എത്തുന്നത് കാണുമ്പോള്‍  നാളിതു വരെയുളള ഞങ്ങളുടെ പ്രയത്‌നങ്ങള്‍ വിഫലമായില്ല എന്നതില്‍ വളരെയേറെ സന്തോഷം… സര്‍വ്വേശ്വരന് സ്തുതി

NB
തെളിവില്‍ അഭിനയിച്ച താരങ്ങളെ അഭിനന്ദിച്ച് കൊണ്ട് ഒരുപാട് പ്രേക്ഷകര്‍ നേരിട്ടും സന്ദേശങ്ങളിലൂടേയും എന്നെ ബന്ധപ്പെടുന്നുണ്ട്…എല്ലാവരുടേയും പിന്തുണകള്‍ക്ക് നന്ദി പറയുന്നതിനോടൊപ്പം, ഒരു കാര്യം സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. സിജോയ് വര്‍ഗ്ഗീസ് അവതരിപ്പിച്ച കഥാപാത്രത്തിന് ജീവന്‍ നല്‍കിയതിലെ ഒരു വലിയ പങ്ക് സിജോയ്ക്ക് ശബ്ദം നല്‍കിയ എന്റ്‌റെ സുഹൃത്ത് മനോജ് നായര്‍ക്കുളളതാണ് എന്ന കാര്യം വിസ്മരിക്കാന്‍ കഴിയില്ല…