നിന്നെ കുറ്റം പറയാനുളള ഒന്നും കാണുന്നില്ല എന്ന വിഷമം മാത്രമേ എനിക്കുളളൂ: തെളിവിനെ പ്രശംസിച്ച് എം. ജയചന്ദ്രന്‍

ലാല്‍, ആശാ ശരത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.എ നിഷാദ് ഒരുക്കിയ “തെളിവ്” തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഒരു കുറ്റാന്വേഷണത്തിന്റെ ഉദ്വേഗജനകമായ വഴികളിലൂടെ കടന്നുപോകുന്ന ചിത്രം പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് നിഷാദിന്റെ ഉറ്റ സുഹൃത്തും സംഗീത സംവിധായകനുമായ എം. ജയചന്ദ്രന്‍. ചിത്രം കണ്ടിട്ട് കുറ്റം പറയാനുളള ഒന്നും കാണുന്നില്ല എന്ന വിഷമം മാത്രമാണ് തനിക്കുള്ളതെന്ന് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ജയചന്ദ്രന്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം…

ഇത് സൗഹൃദം അടയാളപ്പെടുത്തുന്ന “”തെളിവ്””. തെളിവ് എന്ന സിനിമ കേരളത്തില്‍ പ്രദര്‍ശനം തുടരുമ്പോള്‍ ,എനിക്കും ചിലത് പറയാനുണ്ട്. അത് എന്റെ സുഹൃത്ത് എം എ നിഷാദിനെ പറ്റിയാണ്. അത് വര്‍ഷങ്ങളുടെ പഴക്കമുളള സൗഹൃദം..ഇന്നും പുതുമയോടെ കാത്ത് സൂക്ഷിക്കുന്ന സൗഹൃദം. മാര്‍ ഇവാനിയോസ് കോളേജ് കാലത്തെ, SFI സമര മുഖത്താണ് ഞാന്‍ അവനെ ആദ്യമായി കാണുന്നത്. പിന്നീട്, ടി കെ എം എഞ്ചിനിയറീംഗ് കോളേജിലെ വരാന്തകളിലും, ക്യാന്റീനിലും, (ക്‌ളാസ്സ് മുറികളിലല്ല ) സിനിമാ തിയേറ്ററുകളിലും, തിരുവനന്തപുരത്തിലേക്കുളള ട്രെയിന്‍ യാത്രകളിലുമായി ഞങ്ങളുടെ സൗഹൃദം വളര്‍ന്നു. അവന്റെ മനസ്സില്‍ സിനിമയും, എന്റെ മനസ്സില്‍ സംഗീതവും, ഒരു ലഹരിയായ കാലം.

വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു നിമിത്തം പോലെ, ഞങ്ങള്‍ ആഗ്രഹിച്ച സിനിമാ രംഗത്ത് ദൈവം എത്തിച്ചു. നിഷാദ് സംവിധാനം ചെയ്ത വൈരം മുതലുളള എല്ലാ സിനിമകളിലും സംഗീതം ചെയ്തത് ഞാനാണ്. തെളിവില്‍ പക്ഷെ പാട്ടുകള്‍ കല്ലറ ഗോപന്‍ ചേട്ടന്‍ ചെയ്തപ്പോള്‍, പശ്ചാത്തല സംഗീതമൊരുക്കാനാണ് എന്നെ വിളിച്ചത്. നിഷാദിന്റ്‌റെ സിനിമ എന്റെ അവകാശമാണ്, അതവനുമറിയാം. തെളിവിന്റെ BGM ചെയ്യുന്നതിന് മുമ്പ്, ഞാന്‍ സിനിമയിട്ട് കണ്ടു. അവനെ വിളിച്ച് ഞാന്‍ ആദ്യം പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു..””എടാ നിന്നെ കുറ്റം പറയാനുളള ഒന്നും കാണുന്നില്ല എന്ന വിഷമം മാത്രമേ എനിക്കുളളൂ.

അതെ, തെളിവ് ഒരു വെല്ലുവിളിയായി തന്നെ ഞാനേറ്റെടുത്തു. ഒരുപാട്,സങ്കീര്‍ണ്ണമായ തലങ്ങളിലായിരുന്നു സിനിമ സഞ്ചരിച്ചത്. അത് കൊണ്ട് തന്നെ പശ്ചാത്തല സംഗീതത്തിന് ഒരുപാട് സാധ്യതകളും ഈ സിനിമ ആവശ്യപ്പെടുന്നു. നല്ലൊരു ട്രീറ്റ്‌മെന്റാണ്. സംവിധായകന്റെ കൈയ്യൊപ്പ് ചാര്‍ത്തിയ സിനിമ. നിഷാദിന്റെ വൈരത്തിന് ശേഷമുളള മികച്ച സിനിമ തന്നെയാണ് “”തെളിവ്””. സുഹൃത്തെന്ന നിലയില്‍ ഒരുപാട് സന്തോഷം തോന്നുന്നു. കേരളമാകെ നല്ല അഭിപ്രായം ആണെന്നറിഞ്ഞതില്‍ കൂടുതല്‍ സന്തോഷം. നല്ല സിനിമകള്‍ വിജയിക്കട്ടെ. കുടുംബ പ്രേക്ഷകര്‍ കണ്ടിരിക്കേണ്ട സിനിമ തന്നെയാണ് “”തെളിവ്””.

രഞ്ജി പണിക്കര്‍, നെടുമുടി വേണു, ജോയി മാത്യു, സുധീര്‍ കരമന, മീരാ നായര്‍, സയിദ് മൊഹസിന്‍ ഖാന്‍, മണിയന്‍പിള്ള രാജു, രാജേഷ് ശര്‍മ, അനില്‍ പി നെടുമങ്ങാട്, തെസ്‌നി ഖാന്‍ എന്നിവരും ചിത്രത്തിലുണ്ട്. ഒറ്റയ്ക്ക് ജീവിക്കുന്ന ഒരു സ്ത്രീ സമൂഹത്തില്‍ നേരിടുന്ന കഠിനമായ പരീക്ഷണങ്ങളും അതിജീവനത്തിനായി നടത്തേണ്ടി വരുന്ന പോരാട്ടങ്ങളും സിനിമയില്‍ പ്രമേയമാകുന്നുണ്ട്. സംഗീതം- കല്ലറ ഗോപന്‍. പശ്ചാത്തല സംഗീതം – എം.ജയചന്ദ്രന്‍. നിഖില്‍ എസ് പ്രവീണ്‍ ആണ് ഛായാഗ്രഹണം. ഇഥിക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രേംകുമാറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.