രതീഷ് ബാലകൃഷ്ണന്റെ തിരക്കഥ, 'മദനോത്സവ'ത്തില്‍ സുരാജും ബാബു ആന്റണിയും

സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ‘മദനോത്സവം’ സിനിമ വരുന്നു. ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 3.25’, ‘കനകം കാമിനി കലഹം’, ‘ന്നാ താന്‍ കേസ് കൊട്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്.

രതീഷിന്റെ സിനിമകളില്‍ ചീഫ് അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ച സുധീഷ് ഗോപിനാഥ് സ്വതന്ത്ര സംവിധായകനായി അരങ്ങേറുന്ന ചിത്രമാണ് മദനോത്സവം. ഇ സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കിയാണ് രതീഷ് ബാലകൃഷ്ണന്‍ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

രസകരമായ ഒരു ഗാനത്തിന്റെ ടീസറിലൂടെയാണ് ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. രാജേഷ് മാധവന്‍, സുധി കോപ്പ, ഭാമ അരുണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും. കാസര്‍കോട്, കൂര്‍ഗ്, മടിക്കേരി എന്നിവിടങ്ങളിലാണ് ചിത്രീകരണം.

ഷെഹ്‌നാദ് ജലാല്‍ ആണ് ഛായാഗ്രാഹകന്‍. ക്രിയേറ്റിവ് പ്രൊഡ്യൂസര്‍ ജെയ് കെ, പ്രൊഡക്ഷന്‍ ഡിസൈന്‍ ജ്യോതിഷ് ശങ്കര്‍, എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, സംഗീതം ക്രിസ്റ്റോ സേവിയര്‍, വരികള്‍ വൈശാഖ് സുഗുണന്‍, സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രഞ്ജിത് കരുണാകരന്‍.