സാന്‍ കൈലാസ്
നായകന്മാരായി വിസ്മയിപ്പിച്ചവര്‍ പ്രതിനായകന്മാരായി കൈയടി വാങ്ങിയ വര്‍ഷം കൂടിയായി 2019. ആ ചിത്രങ്ങളെല്ലാം തന്നെ തിയേറ്ററില്‍ വിജയമായിരുന്നു എന്നത് മറ്റൊരു പ്രത്യേകത. പ്രതിനായക റോളില്‍ എത്തിയെങ്കില്‍ തന്നെയും ആരാധകരെ വെറുപ്പിക്കാത്ത പ്രകടനവും കഥാപാത്രങ്ങളുടെ മാറ്റ് കൂട്ടി. സിനിമ കണ്ടിറങ്ങിയവരുടെ ഉള്ളില്‍ മറക്കാത്ത ഒരു കഥാപാത്രമായി കുമ്പളങ്ങിയിലെ ഷമ്മിയും തണ്ണീര്‍മത്തനിലെ രവി പത്മനാഭനും കുടിയേറി പാര്‍ത്തു.
കുമ്പളങ്ങിയിലെ ഷമ്മി (ഫഹദ് ഫാസില്‍)
ഷമ്മി എന്ന പ്രതിനായക വേഷത്തില്‍ ഫഹദ് ഫാസിലിന്റെ മാസ്മരിക പ്രകടനത്തിന് 2019- ല്‍ പ്രേക്ഷകര്‍ സാക്ഷിയായി. കുമ്പളങ്ങി നൈറ്റ്‌സ് കണ്ട് ഫഹദ് ഫാസിലിന്റെ “ഷമ്മി ഹീറോടാ” എന്ന ഡയലോഗ് കേട്ട് ഒരമ്പരപ്പോടെ പൊട്ടിച്ചിരിക്കാത്തവരായി ആരും തന്നെയുണ്ടാവില്ല. തിയേറ്ററിന് പിന്നാലെ സൈബര്‍ ലോകം ഭരിച്ച ഡയലോഗ്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ക്കൊപ്പം സ്‌പേയ്‌സ് പങ്കിടുമ്പോഴും സൈക്കോ ഷമ്മി തന്നെ സ്‌കോര്‍ ചെയ്തു എന്നത് നിസ്സംശയം പറയാം. 2019- ലെ ഫഹദ് ഫാസിലിന്റെ ഒരു മികച്ച കഥാപാത്രം.
ഇഷ്‌കിലെ ആല്‍വിന്‍ (ഷൈന്‍ ടോം ചാക്കോ)
ഷെയിന്‍ നിഗം നായകനായ ഇഷ്‌ക് എന്ന ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത “ഇഷ്‌കി”ല്‍ ഷൈന്‍ ടോം ചാക്കോ അവതരിപ്പിച്ച ആല്‍വിന്‍ എന്ന വില്ലന്‍ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ആല്‍വിന്‍ എന്ന കഥാപാത്രമായി സ്‌ക്രീനില്‍ നിറഞ്ഞാടുകയായിരുന്നു. ചിത്രത്തിലെ ഷൈന്റെ പ്രകടനം ഏറെ പ്രശംസകള്‍ പിടിച്ചു വാങ്ങിയിരുന്നു.
ലൂസിഫറിലെ ബോബി (വിവേക് ഒബ്‌റോയ്)
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ 2019 ലെ മികച്ച സംഭാവനകളിലൊന്നായിരുന്നു. ചിത്രത്തില്‍ പ്രതിനായക വേഷത്തിലെത്തിയത് ബോളിവുഡ് താരം വിവേക് ഒബ്‌റോയ് ആണ്. ബോബി എന്ന വില്ലന്‍ കഥാപാത്രത്തെയാണ് വിവേക് ഒബ്‌റോയ് അവതരിപ്പിച്ചത്. ലൂസിഫര്‍ കണ്ടിറങ്ങിയവരുടെ മനസ്സില്‍ സ്ഥീഫന്‍ നെടുമ്പിള്ളിയെപ്പോലെ തന്നെ മനസ്സില്‍ പതിയുന്ന കഥാപാത്രമായി ബോബിയും.
ഉയരെയിലെ ഗോവിന്ദ് (ആസിഫ് അലി)
മലയാളത്തിലെ മുന്‍നിര നായക നടന്മാരില്‍ ഒരാളായ ആസിഫ് അലി ഈ വര്‍ഷം ചെയ്ത ചിത്രങ്ങളെല്ലാം വന്‍ വിജയമായിരുന്നു. ഉയരെയില്‍ ആസിഫ് അവതരിപ്പിച്ച ഗോവിന്ദ് നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായിരുന്നു. ഓര്‍ഡിനറിക്ക് ശേഷം ആസിഫിനെ നെഗറ്റീവ് റോളില്‍ പ്രേക്ഷകര്‍ ചിത്രമായി ഇത്. പ്രേക്ഷകരില്‍ ദേഷ്യം സൃഷ്ടിക്കുന്ന ഒരു റോളായിരുന്നു അത്. ഗോവിന്ദ് എന്ന കഥാപാത്രത്തെ ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയാത്തതു കൊണ്ട് ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ക്ക് പോലും ആസിഫ് പങ്കെടുത്തിരുന്നില്ല.
തണ്ണീര്‍മത്തനിലെ രവി പത്മനാഭന്‍ (വിനീത് ശ്രീനിവാസന്‍)
Read more
വിനീത് ശ്രീനിവാസനും കുമ്പളങ്ങി ഫെയിം മാത്യുവും പ്രധാനവേഷങ്ങളിലെത്തിയ 2019 സര്‍പ്രൈസ് ഹിറ്റായിരുന്നു തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍. കരിയറില്‍ ഇതുവരെ ചെയ്തു വന്ന കഥാപാത്രങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തനായ രവി പദ്മനാഭന്‍ എന്ന സ്‌കൂള്‍ അധ്യാപകന്റെ വേഷത്തിലാണ് വിനീത് ശ്രീനിവാസന്‍ ചിത്രത്തില്‍ തിളങ്ങിയത്. ഉഡായിപ്പായ ഒരു നെഗറ്റീവ് ടച്ചുള്ള ഒരു സൈക്കോ കഥാപാത്രമായിരുന്നു രവി പത്മനാഭന്‍.