ഇന്നലെ വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ മന്ദഗതിയിലുള്ള ഓവർ നിരക്കിന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) ക്യാപ്റ്റൻ രജത് പട്ടീദാറിന് ബിസിസിഐ 12 ലക്ഷം രൂപ പിഴ ചുമത്തി. തിങ്കളാഴ്ച ആവേശകരമായ മത്സരത്തിൽ മുംബൈയെ ആർസിബി പരാജയപ്പെടുത്തിയിരുന്നു.
2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ പിഴ കിട്ടുന്ന നാലാമത്തെ ക്യാപ്റ്റനായി പട്ടീദാർ മാറി. ഹാർദിക് പാണ്ഡ്യ, ഋഷഭ് പന്ത്, റിയാൻ പരാഗ് എന്നിവർക്കൊപ്പം താരം ചേർന്നത്. ഏപ്രിൽ 8 ചൊവ്വാഴ്ച രാവിലെ ഒരു പത്രക്കുറിപ്പിലൂടെയാണ് ഐപിഎൽ ഇക്കാര്യം അറിയിച്ചത്. “ഐപിഎല്ലിന്റെ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.2 പ്രകാരം സീസണിലെ തന്റെ ടീമിന്റെ ആദ്യ കുറ്റകൃത്യമായതിനാൽ പട്ടീദാറിന് 12 ലക്ഷം രൂപ പിഴ ചുമത്തി, ഇത് ഏറ്റവും കുറഞ്ഞ ഓവർ റേറ്റ് ലംഘനങ്ങളുമായി ബന്ധപ്പെട്ടതാണ്”.
നിലവിൽ ആറ് പോയിന്റുമായി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ആർസിബി, ഏപ്രിൽ 10 ന് എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ സീസണിലെ അഞ്ചാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ നേരിടും.
ഐപിഎല്ലിൽ ഇന്നലെ നടന്ന ആവേശപ്പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ 12 റൺസിന് തകർത്തെറിഞ്ഞ് ആർസിബി സീസണിലെ മൂന്നാം ജയം സ്വന്തമാക്കിയിരിക്കുന്നു. തുടക്കത്തിൽ നല്ല രീതിയിൽ പ്രചാരം ഏറ്റുവാങ്ങിയെങ്കിലും 45 റൺസ് വഴങ്ങി 4 വിക്കറ്റുകൾ വീഴ്ത്തിയ ക്രുനാൽ പാണ്ഡ്യയുടെ പ്രകടനമാണ് ബാംഗ്ലൂരിന് കരുത്തായത്. ഇത് കൂടാതെ ആർസിബി പേസർമാരായ ജോഷ് ഹേസൽവുഡും ഭുവനേശ്വർ കുമാറും അവസാന ഓവറിലേക്ക് വന്നപ്പോൾ തങ്ങളുടെ പരിചയസമ്പത്ത് കാണിച്ചതും ടീമിന് ഗുണം ചെയ്തു. മുംബൈക്കായി തിലക് വർമ്മ (29 പന്തിൽ 56), ഹാർദിക് പാണ്ഡ്യ (15 പന്തിൽ 42) എന്നിവരുടെ തകർപ്പൻ ബാറ്റിംഗ് പ്രകടനങ്ങൾക്കിടയിലും മുംബൈക്ക് വിജയവര കടക്കാൻ ആയില്ല.