ലോകസാമ്പത്തിക ശക്തികളായ യുഎസും ചൈനയും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നതോടെ ലോക രാജ്യങ്ങള്‍ ആശങ്കയിലാണ്. ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ഇറക്കുമതി തീരുവയ്ക്ക് പിന്നാലെ ലോകരാജ്യങ്ങള്‍ക്കിടയില്‍ വലിയ ആശങ്ക ഉടലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ചൈനയ്ക്ക് മേല്‍ അമേരിക്ക ചുമത്തിയത് 34 ശതമാനം അധിക തീരുവയായിരുന്നു.
നേരത്തെ 20 ശതമാനം ചൈനയ്ക്ക് ഇറക്കുമതി തീരുവ നിലനിന്നിരുന്നു. ഇതോടൊപ്പമാണ് അധികം നികുതിയായി 34 ശതമാനം കൂടി ഏര്‍പ്പെടുത്തി ആകെ 54 ശതമാനം തീരുവ പ്രഖ്യാപിച്ചത്. എന്നാല്‍ ട്രംപിന്റെ നടപടിയ്ക്ക് മറുപടിയായി ചൈന യുഎസിന് അതേനിരക്കില്‍ മറുചുങ്കം പ്രഖ്യാപിക്കുകയായിരുന്നു.
ഇതിന് പിന്നാലെ തീരുവ 24 മണിക്കൂറിനുള്ളില്‍ പിന്‍വലിച്ചില്ലെങ്കില്‍ 50 ശതമാനം അധിക നികുതി കൂടി ചുമത്തുമെന്ന് ഡൊണാള്‍ഡ് ട്രംപും പ്രഖ്യാപിച്ചു. ട്രംപിന്റെ പുതിയ പ്രഖ്യാപനം പ്രാബല്യത്തില്‍ വന്നാല്‍ ചൈന ആകെ 104 ശതമാനം നികുതി നല്‍കേണ്ടി വരും. എന്നാല്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ഇരു രാജ്യങ്ങളുടെയും നിലപാട്.
ഡൊണാള്‍ഡ് ട്രംപ് 25 ശതമാനം നികുതി കാനഡയ്ക്ക് മേല്‍ ചുമത്തിയിരുന്നു. ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി രംഗത്തെത്തിയിരുന്നു. യുഎസ് ചുമത്തുന്നതിന് തത്തുല്യമായ നികുതി കാനഡയും അമേരിക്കയ്ക്ക് മേല്‍ ചുമത്തമെന്ന് മാര്‍ക്ക് കാര്‍ണി പ്രഖ്യാപിച്ചിരുന്നു.
ട്രംപിന്റെ താരിഫ് തീരുമാനത്തില്‍ ഇതോടകം ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ താരിഫ് തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും യുഎസിലെ വ്യാപാരകമ്മി നേരെയാക്കുന്നത് വരെ നടപടികള്‍ തുടരുമെന്നുമാണ് ട്രംപിന്റെ നിലപാട്. തത്തുല്യ ചുങ്കത്തിനെതിരെ പ്രതികരിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കും തിരിച്ചടി നല്‍കുമെന്ന് നേരത്തെ ട്രംപ് പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ട്രംപിന്റെ മുന്നറിയിപ്പുകളെ അവഗണിക്കുകയാണ് ചൈന. യുഎസ് അധികൃതര്‍ തെറ്റില്‍ നിന്ന് തെറ്റിലേക്കാണ് പോകുന്നതെന്നും ഇതിനെതിരെ അവസാനം വരെ പോരാടുമെന്നുമാണ് ചൈനീസ് വാണിജ്യ മന്ത്രാലയം അറിയിച്ചു. മറ്റുള്ളവരെ ഭീഷണിപ്പെടുത്തി സ്വന്തം കാര്യം സാധിക്കുന്ന യുഎസിന്റെ തനിനിറമാണ് ഇതിലൂടെ വെളിവായതെന്നും അഭിപ്രായപ്പെട്ടു.
Read more
ഏകപക്ഷീയമായി പ്രഖ്യാപിച്ച എല്ലാ തീരുവകളില്‍ നിന്നും യുഎസ് പിന്‍മാറണം. ഇങ്ങനെ തുടരാനാണ് യുഎസിന്റെ തീരുമാനമെങ്കില്‍ അവസാനം വരെ പോരാടും. തീരുവ കൂട്ടിയാല്‍ സ്വന്തം അവകാശങ്ങളും പരമാധികാരവും സംരക്ഷിക്കാന്‍ ചൈനയും പ്രതിരോധ നടപടികളിലേക്ക് കടക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.