RCB VS MI: മുംബൈയുടെ ബാറ്ററെ ആര്‍സിബി കണ്ടംവഴി ഓടിച്ച നിമിഷം, ഒന്നൊന്നര ക്യാച്ച് എടുത്ത് മത്സരം തിരിച്ച ഫീല്‍ഡര്‍മാര്‍, വൈറല്‍ വീഡിയോ

ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സ്- ആര്‍സിബി മത്സരം ക്രിക്കറ്റ് ആരാധകര്‍ക്ക് വലിയ കാഴ്ചവിരുന്ന് തന്നെയായിരുന്നു സമ്മാനിച്ചത്. വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ ബാറ്റിങ്ങിനിറങ്ങിയ ആര്‍സിബി താരങ്ങളെല്ലാം തന്നെ വെടിക്കെട്ട് ബാറ്റിങ്ങാണ് പുറത്തെടുത്തത്. ബെംഗളൂരുവിനായി വിരാട് കോഹ്ലി അര്‍ധസെഞ്ച്വറി നേടി മികച്ച തുടക്കമാണ് ടീമിന് നല്‍കിയത്. മുംബൈയുടെ പ്രധാന ബോളര്‍മാരെയെല്ലാം സ്‌റ്റേഡിയത്തില്‍ തലങ്ങും വിലങ്ങും പായിക്കുകയായിരുന്നു താരം. 42 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 67 റണ്‍സാണ് കോഹ്ലി അടിച്ചുകൂട്ടിയത്. ക്യാപ്റ്റന്‍ രജത് പാട്ടിധാറും 32 പന്തില്‍ 62 റണ്‍സടിച്ച് ടീംസ്‌കോറിലേക്ക് കാര്യമായ സംഭാവന നല്‍കി.

മറുപടി ബാറ്റിങ്ങില്‍ മുംബൈയുടെ മുന്‍നിര ബാറ്റര്‍മാരെല്ലാം രണ്ടക്കം കടന്നെങ്കിലും മത്സരത്തില്‍ ഇംപാക്ടുളള ഇന്നിങ്‌സ് കാഴ്ചവച്ചത് തിലക് വര്‍മ്മയും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും തന്നെയായിരുന്നു. ഒരു ഘട്ടത്തില്‍ ഇരുവരും ചേര്‍ന്ന് ടീമിനെ വിജയതീരത്ത് എത്തിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും തിലക് വര്‍മ്മ പുറത്തായത് മുംബൈക്ക് തിരിച്ചടിയായി. അര്‍ധസെഞ്ച്വറി നേടി തിലക് പുറത്തായതിന് പിന്നാലെ ഹാര്‍ദിക് പാണ്ഡ്യയും ഹേസല്‍വുഡിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.പിന്നീട് ഇറങ്ങിയ ആര്‍ക്കും ടീമിനെ വിജയത്തിലെത്തിക്കാനുളള ഇന്നിങ്‌സ് കാഴ്ചവെക്കാനായില്ല.

മത്സരത്തില്‍ മികച്ചൊരു ഫീല്‍ഡിങ്ങിലൂടെയാണ് ഫില്‍ സാള്‍ട്ടും ടിം ഡേവിഡും ചേര്‍ന്ന് ദീപക് ചാഹറെ പുറത്താക്കിയത്. മുംബൈയുടെ അവസാന പ്രതീക്ഷയായിരുന്ന ചാഹര്‍ നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സറിന് പറത്താനുളള ശ്രമത്തിനിടെയാണ് പുറത്തായത്. ലോങ് ഓണില്‍ ബൗണ്ടറി ലൈനിന് അരികില്‍ വച്ചാണ് ചാഹറിന്റെ ക്യാച്ച് സാള്‍ട്ടിന്റെ കൈകളിലെത്തിയത്. എന്നാല്‍ ബാലന്‍സ് പോവുമെന്ന് തോന്നിയതിനാല്‍ പെട്ടെന്ന് തന്നെ അടുത്തുണ്ടായിരുന്ന ടിംഡേവിഡിന് സാള്‍ട്ട് ആ ക്യാച്ച് കൈമാറി. അത് മത്സരത്തിലെ മികച്ചൊരു ഫീല്‍ഡിങ് മൊമന്റ് തന്നെയായി മാറി. അവസാന ഓവര്‍ ഏറിയാനെത്തിയ ക്രൂനാല്‍ പാണ്ഡ്യയ്ക്കായിരുന്നു ഈ വിക്കറ്റ്. ഈ ഓവറില്‍ തന്നെ സാന്റ്‌നര്‍, ചാഹര്‍, നമന്‍ ദീര്‍ ഉള്‍പ്പെടെ മൂന്ന് വിക്കറ്റുകളാണ് ക്രൂനാലിന് ലഭിച്ചത്.