മമ്മൂക്കയും ബേസില്‍ യൂണിവേഴ്‌സിലേക്ക്.., 'ടൊവിക്കും ബേസിലിനും ഇത് ആഘോഷരാവ്'; കൈ കൊടുക്കല്‍ പാളി!

ഒരു കൈ കൊടുക്കാന്‍ പോയതിന്റെ പേരില്‍ ട്രോളുകളില്‍ പെട്ട് മമ്മൂട്ടിയും. ബേസില്‍ ജോസഫിന് സംഭവിച്ച അതേ അബദ്ധം മമ്മൂട്ടിക്കും സംഭവിച്ചിരിക്കുകയാണ്. ഒരു കൊച്ചുകുട്ടിക്ക് കൈ കൊടുക്കാന്‍ പോയപ്പോഴാണ് മമ്മൂട്ടിക്ക് അബദ്ധം പറ്റിയത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.

ഒരു പെണ്‍കുട്ടി നടന്നു വരുമ്പോള്‍ മമ്മൂട്ടി കൈ കൊടുക്കാന്‍ പോയി. എന്നാല്‍ കുട്ടി, താരത്തിന് കൈ കൊടുക്കാതെ അടുത്ത് നിന്നിരുന്ന ഇക്കോവാസ് ഇന്ത്യന്‍ ട്രേഡ് കമ്മിഷണറും പ്രമുഖ മലയാളി വ്യവസായിയുമായ സി.പി സാലിഹിന് കൈ കൊടുക്കുകയായിരുന്നു. ശേഷം മമ്മൂട്ടിക്ക് കുട്ടി കൈ കൊടുക്കുന്നുണ്ട്.

സംവിധായകന്‍ മഹേഷ് നാരായണന്‍, നിര്‍മ്മാതാവ് ആന്റോ ജോസഫ് എന്നിവരെയും വീഡിയോയില്‍ കാണാം. നിരവധി കമന്റുകളാണ് ഈ വീഡിയോക്ക് ലഭിക്കുന്നത്. ടൊവിക്കും ബേസിലിനും ഇത് ആഘോഷരാവ്. അവരുടെ യൂണിവേഴ്‌സില്‍ മമ്മൂക്കയും, അങ്ങനെ മമ്മൂക്കയും കൈ കൊടുക്കല്‍ ക്ലബ്ബിലെത്തി എന്നിങ്ങനെയുള്ള രസകരമായ കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്.

അതേസമയം, സൂപ്പര്‍ ലീഗ് കേരള ഫുട്ബോള്‍ മത്സരത്തിന്റെ സമ്മാനദാന ചടങ്ങിനിടെ ആയിരുന്നു ബേസിലിന് അബദ്ധം പറ്റിയത്. ഫാഴ്സ കൊച്ചിയുടെ ഉടമസ്ഥനായ പൃഥ്വിരാജും, കാലിക്കറ്റ് എഫ്‌സിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആയ ബേസില്‍ ജോസഫും ഫൈനല്‍ കാണാന്‍ എത്തിയപ്പോഴായിരുന്നു സംഭവം.

സമ്മാനദാന ചടങ്ങിനിടെ, ബേസില്‍ ഒരു കളിക്കാരന് നേരെ കൈ നീട്ടി. എന്നാല്‍ ആ പ്ലെയര്‍ അതുകാണാതെ പൃഥ്വിരാജിന് കൈകൊടുക്കുകയായിരുന്നു. ഇതോടെ ബേസില്‍ ചമ്മി കൈ താഴ്ത്തി. ഒരു വേദിയില്‍ സുരാജ് വെഞ്ഞാറമൂടിന് കൈകൊടുക്കാതെ പോയ ഗ്രേസ് ആന്റണിയുടെ വീഡിയോയും വൈറലായിരുന്നു.

വീഡിയോ വൈറലായതോടെ, ‘ഞാന്‍ മാത്രമല്ല ടൊവിയുമുണ്ട്,’ എന്ന കമന്റുമായി സുരാജ് എത്തി. ‘ബേസില്‍ സംഭവത്തിനു ശേഷം ഞാന്‍ ആര്‍ക്കും കൈ കൊടുക്കാറേ ഇല്ല!’ എന്നായിരുന്നു ടൊവിനോയുടെ മറുപടി. നടി രമ്യ നമ്പീശനും ഇത്തരത്തിലൊരു അബദ്ധം സംഭവിച്ചിരുന്നു. ഈ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.