മമ്മൂട്ടിയുടെ നന്‍പകല്‍ നേരത്തെ മയക്കത്തിനായി ആകാംക്ഷയോടെ ആരാധകര്‍; റിലീസ് പ്രഖ്യാപിച്ചു

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഈ മാസം 19-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. മമ്മൂട്ടി തന്നെയാണ് സിനിമയുടെ റിലീസ് തീയതി പങ്കുവെച്ചത്.

ഈ വര്‍ഷത്തെ രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ സിനിമയ്ക്ക് വലിയ വരവേല്‍പ്പ് ലഭിച്ചിരുന്നു. കഴിഞ്ഞ മാസം 12-നായിരുന്നു ചിത്രം ഐഎഫ്എഫ്‌കെയില്‍ ആദ്യം പ്രദര്‍ശിപ്പിച്ചത്. ഷോയുടെ റിസര്‍വേഷന്‍ തുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ സീറ്റുകള്‍ തീര്‍ന്നു. വേദിയില്‍ ക്യൂവില്‍ നിന്നവര്‍ക്ക് ചിത്രം കാണാനായില്ലെന്ന ആരോപണവുമായി നിരവധി ഡെലിഗേറ്റുകള്‍ പ്രതിഷേധവും നടത്തി.

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് നന്‍പകല്‍ നേരത്ത് മയക്കം നിര്‍മ്മിക്കുന്നത്. ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ ലിജോയ്ക്കും ചിത്രത്തില്‍ നിര്‍മ്മാണ പങ്കാളിത്തമുണ്ട്. ലിജോയുടെ തന്നെ കഥയ്ക്ക് എസ് ഹരീഷ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Read more

ഛായാഗ്രഹണം തേനി ഈശ്വര്‍, എഡിറ്റിംഗ് ദീപു ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ടിനു പാപ്പച്ചന്‍, കലാസംവിധാനം ഗോകുല്‍ ദാസ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, സൗണ്ട് മിക്‌സ് ഫസല്‍ എ ബക്കര്‍.