മമ്മൂട്ടി ചിത്രത്തിന്റെ റിലീസിന് തടസങ്ങള്‍, തിയേറ്ററിലെത്തി 5 മാസത്തിന് ശേഷവും 'ഏജന്റ്' ഒ.ടി.ടിയില്‍ എത്തിയില്ല; കാരണമിതാണ്..

മമ്മൂട്ടിയുടെ ‘ഏജന്റ്’ ഒ.ടി.ടിയില്‍ എത്താന്‍ ഇനിയും വൈകും. ഏപ്രില്‍ 27ന് തിയേറ്ററുകളിലെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ ദുരന്തമായിരുന്നു. ചിത്രം വലിയ വിമര്‍ശനവും നേരിട്ടിരുന്നു. ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് ഇടയ്ക്ക് പ്രഖ്യാപിച്ചെങ്കിലും സ്ട്രീമിംഗ് നടന്നിരുന്നില്ല.

പിന്നീട് സെപ്റ്റംബര്‍ 29ന് ചിത്രം സോണി ലിവില്‍ സ്ട്രീമിംഗ് ആരംഭിക്കുമെന്ന പ്രഖ്യാപനം എത്തിയിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് വീണ്ടും മാറ്റി വച്ചിരിക്കുകയാണ്. 2023 മെയ് 19ന് ആയിരുന്നു ആദ്യം ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചത്.

എന്നാല്‍ സാമ്പത്തിക വിഷയങ്ങളില്‍ നിര്‍മാതാക്കളും സോണി ലിവും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുമുണ്ടായി. പിന്നീട് ജൂണ്‍ 26നും ഏജന്റിന്റെ ഒ.ടി.ടി റീലീസ് പ്രഖ്യാപിച്ചപ്പോള്‍ അതും മാറ്റിവയ്ക്കുകയും പിന്നീടാണ് സെപ്റ്റംബര്‍ 29ന് എത്തുമെന്ന് സോണി ലിവ് പ്രഖ്യാപിച്ചത്.

എന്നാല്‍ വന്‍ നഷ്ടം നേരിടേണ്ടി വന്ന ചിത്രത്തിന്റെ വിതരണക്കാരില്‍ ഒരാള്‍ കോടതിയില്‍ കേസ് നല്‍കിയതിനെ തുടര്‍ന്നുള്ള നടപടികള്‍ കാരണമാണ് ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് വീണ്ടും മാറ്റിവയ്ക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.

Read more

ഏജന്റ് ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായായിരുന്നു പ്രദര്‍ശനത്തിന് എത്തിയത്. മമ്മൂട്ടി ‘റോ ചീഫ് കേണല്‍ മേജര്‍ മഹാദേവനാ’യും അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ പട്ടാളക്കാരനായി അഖില്‍ അക്കിനേനിയുമെത്തുന്ന ഏജന്റ് ബിഗ് ബജറ്റിലാണ് ഒരുക്കിയത്. എന്നാല്‍ കഷ്ടിച്ച് 10 കോടിക്ക് മുകളില്‍ മാത്രമാണ് ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ നിന്നും നേടാനായത്.