ഞാന്‍ ധനുഷിന്റെ ബിഗ് ഫാന്‍: മഞ്ജു വാര്യര്‍

തെന്നിന്ത്യന്‍ സൂപ്പര്‍താരം ധനുഷിന്റെ ബിഗ് ഫാനാണ് താനെന്ന് നടി മഞ്ജുവാര്യര്‍. ബുധനാഴ്ച വൈകിട്ട് “അസുരന്‍” എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു മഞ്ജുവിന്റെ വാക്കുകള്‍. “”സുഹൃത്ത് മുന്‍പു തന്നെ നല്ലൊരു സുഹൃത്തായിരുന്നു, ഇപ്പോള്‍ എന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകനുമാണ്. ഞാന്‍ ധനുഷിന്റെ ഒരു വലിയ ഫാനാണ്,”” മഞ്ജു വാര്യര്‍ പറഞ്ഞു.

“അസുരനി”ലൂടെ തമിഴില്‍ അരങ്ങേറ്റം കുറിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു. തമിഴകത്തിന്റെ ഹിറ്റ് കുട്ടുകെട്ടാണ് വെട്രിമാരന്‍- ധനുഷ്. ഇരുവരും ഒന്നിച്ചപ്പോള്‍ പിറന്നത് മികച്ച ചിത്രങ്ങളായിരുന്നു.

ചിത്രത്തില്‍ ഇരട്ട വേഷമാണ് ധനുഷ് കൈകാര്യം ചെയ്യുന്നത്. രാജദേവര്‍ എന്ന അച്ഛന്‍ കഥാപാത്രമായും കാളി എന്ന മകനായും ധനുഷ് ചിത്രത്തില്‍ വേഷമിടും. ചിത്രത്തില്‍ ധനുഷിന്റെ ഭാര്യയായാണ് മഞ്ജു എത്തുന്നത്. മണിമേഖലൈ എന്നാണ് മഞ്ജുവിന്റെ കഥാപാത്രത്തിന്റെ പേര്. “പൊല്ലാതവന്‍”, “ആടുകളം”, “വടചെന്നൈ” എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം ധനുഷ്-വെട്രിമാരന്‍ കൂട്ടുകെട്ടിന്റെ നാലാമത് ചിത്രമാണ് അസുരന്‍. “വെക്കൈ” എന്ന തമിഴ് നോവലിന്റെ സിനിമാ ആവിഷ്‌കാരമാണ് “അസുരന്‍”.

Read more

വിജയ് സേതുപതി അതിഥി വേഷത്തിലെത്തുന്ന ചിത്രത്തില്‍ ബാലാജി ശക്തിവേല്‍, പശുപതി, ആടുകളം നരേന്‍, യോഗി ബാബു, തലൈവാസല്‍ വിജയ് എന്നിവരും വേഷമിടുന്നു. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് താനുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. വേല്‍രാജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ജി.വി. പ്രകാശാണ്. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍. ഒക്ടോബര്‍ നാലിന് ചിത്രം തിയേറ്ററുകളിലെത്തും.