നടിയും അവതാരകയുമായ മീനാക്ഷിയും ഗായകന്‍ കൗശിക്കും പ്രണയത്തിലാണെന്ന് ചര്‍ച്ചകള്‍. കൗശിക്കിന് ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ട് മീനാക്ഷി പങ്കുവച്ച പോസ്റ്റ് ആണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയത്. എന്നാല്‍ ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ തള്ളി മീനാക്ഷിയുടെ അച്ഛന്‍ അനൂപ് രംഗത്തെത്തിയിട്ടുണ്ട്.
ചൊവ്വാഴ്ചയായിരുന്നു കൗശികിന്റെ ജന്മദിനം. ”എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എന്റെ പ്രിയപ്പെട്ട ‘തലവേദന’യ്ക്ക് ജന്മദിനാശംസകള്‍. എന്റെ ജീവിതത്തില്‍ ഞാന്‍ എപ്പോഴും ആഗ്രഹിക്കുന്ന ഒരേയൊരു ‘പ്രശ്‌നം’ നീയാണ്. ഇന്നും എന്നെന്നും നിനക്കൊപ്പമുള്ളതില്‍ ഞാന്‍ സന്തോഷിക്കുന്നു. ഒരുപാട് ഇഷ്ടം ഇച്ചുടൂ” എന്നായിരുന്നു മീനാക്ഷി കൗശിക്കിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് കുറിച്ചത്.
ഇതിന് പിന്നാലെയാണ് ഇരുവരും പ്രണയത്തിലാണെന്ന ചര്‍ച്ചകള്‍ എത്തിയത്. എന്നാല്‍ ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ കാണുമ്പോള്‍ തനിക്ക് ചിരിയാണ് വരുന്നത് എന്നാണ് മീനാക്ഷിയുടെ പിതാവ് അനൂപ് മനോരമ ഓണ്‍ലൈനോട് പ്രതികരിച്ചിരിക്കുന്നത്. കൗശികിന്റെ കുടുംബവുമായി വളരെ അടുപ്പമുണ്ട്.
കൗശിക് നല്ല കുട്ടിയാണ്. അവര്‍ കുടുംബമായി വീട്ടില്‍ വരാറുണ്ട്. പ്രേക്ഷകരുടെ ഈ അനുമാനങ്ങള്‍ കേള്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നത്. കൗശിക്കും ഏട്ടനുമൊക്കെ വീട്ടില്‍ വരുമ്പോള്‍ വളരെ സ്‌നേഹമായി പെരുമാറുന്ന കുട്ടികളാണ്. മീനൂട്ടിയും കൗശികും നല്ല കൂട്ടുകാരാണ് എന്നാണ് അനൂപ് പറയുന്നത്.
അതേസമയം, മധുര നൊമ്പരം എന്ന ഷോര്‍ട്ട് ഫിലിമിലൂടെയാണ് മീനാക്ഷി അഭിനയത്തിലേക്ക് എത്തുന്നത്. അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലും എത്തി. ജമ്‌നാപ്യാരി, ഒപ്പം, അലമാര, മോഹന്‍ലാല്‍, ക്വീന്‍, ദ ബോഡി, മീസാന്‍, അമീറ, കാക്കപൊന്ന് തുടങ്ങി നിരവധി സിനിമകളില്‍ മീനാക്ഷി അഭിനയിച്ചിട്ടുണ്ട്. നിലവില്‍ മ്യൂസിക് ഷോയുടെ അവതാരകയായി ടെലിവിഷനില്‍ സജീവമാണ് മീനാക്ഷി.