'വകതിരിവ് വട്ടപൂജ്യം, ഇതാണോ സംസ്‌കാരം'; മീര നന്ദന്റെ ചിത്രങ്ങള്‍ക്ക് അസഭ്യ കമന്റുകള്‍, മറുപടിയുമായി താരം

നടി മീര നന്ദന്റെ മേക്കോവര്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. ചിത്രങ്ങള്‍ക്ക് നേരെ ഏറെ വിമര്‍ശനങ്ങളും ഉയരാറുണ്ട്. ചുവന്ന ജാക്കറ്റും കറുത്ത ഷോര്‍ട്‌സും ധരിച്ച താരത്തിന്റെ പുതിയ ചിത്രത്തിന് നേരെയാണ് ഇപ്പോള്‍ സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്നത്.

വിമര്‍ശനങ്ങള്‍ക്ക് മീര നല്‍കിയ മറുപടിയാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. അസഭ്യവര്‍ഷവും ദ്വയാര്‍ഥ കമന്റുകളുമാണ് ചിത്രത്തിന് ലഭിക്കുന്നത്. “”സണ്ണി ലിയോണിനെ കടത്തി വെട്ടും”” എന്നാണ് ഒരാളുടെ കമന്റ്. “”ആരാ… നിങ്ങളുടെ വീട്ടിലുള്ളവരാണോ?”” എന്നായിരുന്നു ഇതിന് താരം മറുപടി നല്‍കിയത്.

ഇതോടെ “”വകതിരിവ് വട്ടപൂജ്യം, വീട്ടിലുള്ളവരെ പറയുന്നതാണോ സംസ്‌കാരം. എങ്ങനെ താനൊക്കെ ആര്‍ജെ ആയി”” എന്ന കമന്റുമായി ഇയാള്‍ വീണ്ടുമെത്തി. ഇതിനും മീരയുടെ മാസ് മറുപടി എത്തി. “”ഒരു പബ്ലിക് പ്ലാറ്റ്ഫോമില്‍ എങ്ങനെ കമന്റ് ഇടണം എന്ന കാര്യത്തില്‍ നിങ്ങളുടെ വകതിരിവും വട്ടപൂജ്യം ആണല്ലോ. ഔചിത്യമില്ലായ്മയുടെ കാര്യത്തില്‍ താങ്കള്‍ ആരെ കടത്തിവെട്ടും എന്നുള്ളതാണ് എന്റെ സംശയം”” എന്നാണ് മീരയുടെ മറുപടി.

Read more

താരത്തിന്റെ മറുപടിക്ക് പിന്തുണയുമായി ആരാധകരും എത്തിയതോടെ വിമര്‍ശകന്‍ കമന്റ് ഡിലീറ്റ് ചെയ്തു. അതേസമയം, സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്ന മീര യുഎഇയില്‍ ആര്‍ജെ ആയി പ്രവര്‍ത്തിക്കുകയാണ് ഇപ്പോള്‍. 2017ല്‍ ഗോള്‍ഡ് കോയിന്‍സ് എന്ന ചിത്രത്തിലാണ് മീര നന്ദന്‍ ഒടുവില്‍ അഭിനയിച്ചത്.