'അഞ്ച് ദിവസത്തോളം ആശുപത്രിയില്‍ കഴിയണം'; വിഷ്ണുവിന്റെ ആരോഗ്യനിലയെ കുറിച്ച് ബാദുഷ

ചിത്രീകരണത്തിനിടെ പൊള്ളലേറ്റ നടന്‍ വിഷ്ണു ഉണ്ണിക്കൃഷ്ണന്റെ നിലവിലെ ആരോഗ്യനിലയെ കുറിച്ച് വെളിപ്പെടുത്തി എംഎന്‍ ബാദുഷ. വിഷ്ണുവിന്റെ ആരോഗ്യനിലയില്‍ യാതൊരു ഗുരുതരാവസ്ഥയും ഇല്ലെന്നും അഞ്ച് ദിവസം ആശുപത്രിയില്‍ കഴിയേണ്ടതുണ്ടെന്നും ബാദുഷ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

‘സാരമല്ലാത്ത പൊള്ളലായതിനാല്‍ മുറിവ് ഉണങ്ങുന്നതിന് വേണ്ടി അഞ്ച് ദിവസത്തോളമെങ്കിലും ആശുപത്രിയില്‍ കിടക്കണമെന്നത് ഒഴിച്ചാല്‍ മറ്റൊരു ഗുരുതരാവസ്ഥയും നിലവില്‍ ഇല്ല. അഞ്ച് ദിവസത്തിന് ശേഷം വിഷ്ണു എത്തിയാല്‍ നമ്മള്‍ വീണ്ടും പഴയ ഉഷാറോടെ ‘വെടിക്കെട്ട്’ ആരംഭിക്കും’ ബാദുഷ കുറിച്ചു.

വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് ചേര്‍ന്ന് സംവിധാനം ചെയ്യുന്ന വെടിക്കെട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ബുധനാഴ്ച വൈകിട്ടാണ് അപകടം ഉണ്ടായത്. ഷൂട്ടിംഗിനിടെ തിളച്ച എണ്ണ വിഷ്ണുവിന്റെ കൈയിലേക്ക് മറിയുകയായിരുന്നു.

ആദ്യം വൈപ്പിനിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കൈകള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റ വിഷ്ണുവിനെ പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണിക്കൃഷ്ണനും ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് വെടിക്കെട്ട്. ഇരുന്നൂറോളം പുതുമുഖ താരങ്ങള്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ രചനയും ബിബിനും വിഷ്ണുവും ചേര്‍ന്നാണ്.

രതീഷ് റാം ഛായാഗ്രഹണം നിര്‍വഹിക്കുന്നു ബാദുഷ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

Read more