'റാം' ഇനി കൊച്ചിയില്‍, യുകെ ഷെഡ്യൂള്‍ തീര്‍ത്ത് മോഹന്‍ലാല്‍

‘റാം’ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ജീത്തു ജോസഫും മോഹന്‍ലാലും. യുകെയിലുള്ള ഷെഡ്യൂള്‍ ആണ് ഇപ്പോള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ശേഷം മോഹന്‍ലാല്‍ ഇന്ന് ചെന്നൈയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍ കൊച്ചിയിലാണ്.

ഇതിന് ശേഷം മൊറോക്കോ, ടുണീഷ്യ എന്നിവിടങ്ങളിലും സിനിമയുടെ ചിത്രീകരണം നടക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. ‘ദൃശ്യം 2’, ‘ട്വല്‍ത്ത് മാന്‍’ എന്നീ സിനിമകള്‍ക്ക് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് റാം. തൃഷയാണ് ചിത്രത്തില്‍ നായിക.

സിനിമയില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മോഹന്‍ലാല്‍ എത്തുന്നത്.തന്റെ ജീവിതത്തിലിന്നോളം ചെയ്തിട്ടുളളതില്‍ ഏറ്റവും ചെലവേറിയ സിനിമയാണെന്ന് ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിനായി സ്റ്റണ്ട് ഒരുക്കുന്നത് പ്രശസ്ത ഹോളിവുഡ് കൊറിയോഗ്രാഫര്‍ പീറ്റര്‍ പെഡ്രേറോയാണ്.

Read more

സിനിമയുടെ ആദ്യഘട്ട ചിത്രീകരണം 2020 തുടക്കത്തില്‍ കൊച്ചിയില്‍ തുടങ്ങിയിരുന്നു. വിദേശ രാജ്യങ്ങള്‍ പ്രധാന ലൊക്കേഷനായതിനാല്‍ കോവിഡ് വ്യാപനത്തോടെ ചിത്രീകരണം പൂര്‍ണമായും നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. ഇന്ദ്രജിത്ത്, സുരേഷ് മേനോന്‍, സിദ്ദിഖ്, ദുര്‍ഗ കൃഷ്ണ, ആദില്‍ ഹുസൈന്‍, ചന്തുനാഥ് എന്നിവരാണ് മറ്റുതാരങ്ങള്‍.