വാർത്തകൾ വ്യാജം ! മോഹന്‍ലാല്‍ ഗ്രേറ്റ് ഗാമ ആകില്ല…

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബൻ എന്ന സിനിമയിൽ മോഹൻലാൽ ഗുസ്തി ചാമ്പ്യനായ ദ് ഗ്രേറ്റ് ഗാമയായി എത്തുന്നുവെന്ന അഭ്യൂഹം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പരക്കെയുണ്ട്. എന്നാൽ ‘മലൈക്കോട്ടൈ വാലിബനി’ൽ മോഹൻലാൽ ഗ്രേറ്റ് ഗാമയായി അഭിനയിക്കുന്നില്ല എന്ന് അറിയിച്ചിരിക്കുകയാണ് നിർമ്മാതാവ് ഷിബു ബേബി ജോൺ. സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്ന വാർത്ത വ്യാജമാണെന്നും ആരാധകരുടെ ഭാവനയിലുള്ള ഓരോ തോന്നലുകളാണ് ഇവ എന്നും അദ്ദേഹം ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു.

മോഹൻലാൽ മലൈക്കോട്ടൈ വാലിബനിൽ ഗുസ്തി ചാമ്പ്യനായ ദി ഗ്രേറ്റ് ഗാമയായി എത്തുന്നു എന്നാണ് വാർത്തകൾ പ്രചരിച്ചു കൊണ്ടിരുന്നത്. കശ്മീരിലെ ഒരു ഗുസ്തിക്കാരുടെ കുടുംബത്തിൽ ജനിച്ച ഗുലം മുഹമ്മദ് ബക്ഷ് ബട്ട് ആണ് ഗാമ എന്ന് അറിയപ്പെട്ടിരുന്നത്. ബ്രിട്ടീഷ് ഇന്ത്യയിൽ ഗുസ്തിക്കാരനായിരുന്ന അദ്ദേഹം പിന്നീട് ‘ഗാമ’ എന്ന വിളിപ്പേരുള്ള ഗുസ്തി ചാമ്പ്യനായി മാറി. റുസ്തം – ഇ – ഹിന്ദ് എന്ന പേരിലും അദ്ദേഹം അറിയപ്പെടുന്നുണ്ട്. ജനുവരി 18ന് രാജസ്ഥാനിലെ ജയ് സാൽമീറിൽ വച്ചാണ് വാലിബന്റെ ചിത്രീകരണം ആരംഭിച്ചത്. രാജസ്ഥാനിലെ പൊഖ്‌റാൻ കോട്ടയിൽ ആണ് നിലവിൽ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. പൊഖ്‌റാനിലെ 20 ദിവസത്തെ ചിത്രീകരണം പൂർത്തിയാക്കി വീണ്ടും ജയ് സാൽമീറിലേക്ക് ഷൂട്ടിങ് സംഘം തിരിച്ചു വരും. ബിഗ് ബഡ്ജറ്റ് ചിത്രമായ വാലിബന്റെ കഥ ലിജോ ജോസ് പെല്ലിശ്ശേരിയുടേതാണ്. ലിജോ ജോസിന്‍റെ ‘ആമേന്’ വേണ്ടി തിരക്കഥ ഒരുക്കിയ പി.എസ് റഫീക്കാണ് ‘മലൈക്കോട്ടൈ വാലിബന്’ വേണ്ടിയും തിരക്കഥ എഴുതിയത്.

മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന മലൈക്കോട്ടൈ വാലിബന്‍ വമ്പന്‍ ക്യാന്‍വാസിലാണ് ഒരുക്കുന്നത്. മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് ശേഷം മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്. വിഎഫ്എക്സ് വര്‍ക്കുകള്‍ അടക്കം 45 കോടിയാണ് വാലിബന്റെ ചെലവെന്നാണ് അനൗദ്യോഗിക കണക്കുകള്‍ പറയുന്നത്. മാസ്റ്റര്‍ ക്ലാസ് ഡയറക്ടർ ലിജോ ജോസ് പെല്ലിശ്ശേരിയും താരരാജാവായ മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന സിനിമയായതിനാൽ വാലിബനെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പോലും അതീവ രഹസ്യമായാണ് പുരോഗമിക്കുന്നത്. മാത്രമല്ല, ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത് പോകരുതെന്ന് വാലിബന്‍ ടീമിന് സംവിധായകന്‍ കര്‍ശന നിർദേശവും നല്‍കിയിട്ടുണ്ട്. രണ്ട് വ്യത്യസ്ത ലുക്കിലാണ് മോഹൻലാൽ വാലിബനില്‍ അഭിനയിക്കുന്നത് എന്നാണ് റിപ്പോർട്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ താടിയില്ലാതെ അഭിനയിക്കുന്ന ചിത്രം കൂടിയായിരിക്കും വാലിബന്‍ എന്നതും മറ്റൊരു പ്രതേകതയാണ്. കൊമ്പന്‍ മീശക്കാരനായ ഗുസ്തിക്കാരനായാണ് മോഹന്‍ലാലിന്റെ ഒരു ലുക്കെന്നാണ് റിപ്പോർട്ടുകൾ. രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളിലെ കഥയായിരിക്കും മലൈക്കോട്ടൈ വാലിബന്‍ പറയുക.

Read more

ജോണ്‍ മേരി ക്രിയേറ്റിവ് ലിമിറ്റഡിനോടൊപ്പം മാക്‌സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മോണ്‍സ്റ്ററി, സെഞ്ച്വറി ഫിലിംസ് ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ ഹരീഷ് പേരടിയും മണികണ്‌ഠന്‍ ആചാരിയും സുപ്രധാന വേഷങ്ങളിലെത്തും. ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍ ഉത്തരേന്ത്യന്‍ താരങ്ങളാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇന്ത്യയുടെ നാനാഭാഗത്ത് നിന്നുള്ള പ്രശസ്‌ത താരങ്ങളെയാണ് സിനിമയിലേക്ക് ലിജോ ജോസ് തിരഞ്ഞെടുത്തിരിക്കുന്നത്. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, കന്നഡ നടനും കൊമേഡിയനുമായ ഡാനിഷ് സെയ്‌ത് എന്നിവരും ചിത്രത്തിന്‍റെ ഭാഗമാകുന്നുണ്ട്. എൽജെപി ചിത്രങ്ങളുടെ ഏതാനും അണിയറപ്രവര്‍ത്തകര്‍ ഈ ചിത്രത്തിന് വേണ്ടിയും ഒന്നിക്കുന്നുണ്ട്. ‘ചുരുളി’യുടെ ഛായാഗ്രാഹകന്‍ മധു നീലകണ്‌ഠന്‍ ആണ് ഈ സിനിമയ്‌ക്ക് വേണ്ടിയും ക്യാമറ ചലിപ്പിക്കുന്നത്.