ഹിന്ദു ഐക്യത്തെ തകര്‍ക്കുന്ന കുലംകുത്തികള്‍; സവര്‍ണ്ണ തമ്പുരാക്കന്‍മാരെ നിലയ്ക്ക് നിര്‍ത്താന്‍ ഹിന്ദു സമൂഹം ഒന്നാകെ ഉണരണം; കൂടല്‍മാണിക്യ വിഷയത്തില്‍ വെള്ളാപ്പള്ളി

സര്‍ക്കാര്‍ ടെസ്റ്റുകള്‍ പാസ്സായി യോഗ്യനെന്ന് കണ്ടെത്തി കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ കഴക ജോലിയില്‍ നിയമിതനായ വ്യക്തിയെ ആണ് ജാതിവിവേചനം പറഞ്ഞ് മാറ്റിനിര്‍ത്തിയിരിക്കുന്നതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

ജനാധിപത്യയുഗത്തില്‍ കാലഘട്ടത്തിന്റെ മാറ്റം മനസ്സിലാക്കാതെയും ഉള്‍ക്കൊള്ളാതെയും, നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് പൂര്‍വ്വികമായി കിട്ടിയതാണ് എന്ന് പറഞ്ഞു കൊണ്ട് ഇവിടുത്തെ ജനങ്ങളുടെ വികാര, വിചാരങ്ങള്‍ക്കെതിരായി, ‘ക്ഷേത്ര കാര്യങ്ങളില്‍ ഈഴവന്‍ പാടില്ല’ എന്ന തരത്തിലുള്ള തടസ്സവാദങ്ങള്‍ ഉന്നയിച്ച് ഇന്നും ചില സവര്‍ണ്ണ തമ്പുരാക്കന്‍മാര്‍ ജാതിവിവേചനം നടപ്പില്‍ വരുത്തുകയാണ്.

പിന്നാക്കം എന്നും പറഞ്ഞ് മഹാഭൂരിപക്ഷത്തെ മാറ്റി നിര്‍ത്തുന്നിടത്ത് എങ്ങനെ ഐക്യം ഉണ്ടാകും. ഹിന്ദു ഐക്യത്തെ പോലും തകര്‍ക്കുന്ന കുലംകുത്തികളായി ഇത്തരക്കാര്‍ മാറുകയാണ്. ഈ സമൂഹത്തിലെ മഹാഭൂരിപക്ഷം ആളുകളും ഹിന്ദുക്കളുടെ ഐക്യം ആഗ്രഹിക്കുകയാണ്. അതിനാല്‍ ഇത്തരം പ്രവണതകള്‍ ഇനിയും കേരളത്തില്‍ തുടര്‍ന്ന് ഉണ്ടാകുവാന്‍ പാടില്ല. ഇതിനെതിരെ മാതൃകാപരമായി പ്രതിക്ഷേധിക്കുകയും ഇത്തരം ചാതുര്‍വര്‍ണ്യത്തിന്റെ ഉഛിഷ്ഠങ്ങളും എല്ലിന്‍ കഷ്ണങ്ങളും പൊക്കിയെടുത്ത് പഴയ കാല വ്യവസ്ഥിതിയും പറഞ്ഞ് വരുന്ന, ഇത്തരം ചാതുര്‍വര്‍ണ്യ വ്യവസ്ഥ മനസ്സില്‍ വച്ച് നടക്കുന്ന സവര്‍ണ്ണ തമ്പുരാക്കന്‍മാരെ നിലയ്ക്ക് നിര്‍ത്തുവാന്‍ ഇവിടുത്തെ ഹിന്ദു സമൂഹം ഒന്നാകെ ഉണരണം.

Read more

പിന്നാക്കം എന്നും മുന്നാക്കം എന്നും പറഞ്ഞ് മുഖം തിരിച്ച് നില്‍ക്കുവാനോ നിര്‍ത്തുവാനും പാടില്ല. ഇത്തരം ജാതിവിവേചന സംഭവങ്ങള്‍ സമൂഹത്തില്‍ പോലും ഉണ്ടാകുവാന്‍ പാടില്ലാത്ത വിധത്തില്‍ ശക്തമായ നടപടി സര്‍ക്കാര്‍ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.