വരലക്ഷ്മിയുടെ ആദ്യ പ്രണയമല്ല ഞാന്‍.. അവള്‍ ആഗ്രഹിച്ചത് പോലെ ചെയ്യണ്ടെന്ന് ഞാന്‍ പറഞ്ഞു; പ്രതികരിച്ച് നിക്കോളായ് സച്ച്‌ദേവ്

താനും തന്റെ മകളും ഭാര്യ വരലക്ഷ്മി ശരത്കുമാറിന്റെ പേര് തങ്ങളുടെ പേരിനൊപ്പം ചേര്‍ക്കുകയാണെന്ന് നിക്കോളായ് സച്ച്‌ദേവ്. കഴിഞ്ഞയാഴ്ച ആയിരുന്നു നടി വരലക്ഷ്മിയും മുംബൈയിലെ ഗാലറിസ്റ്റായ നിക്കോളായ് സച്ച്‌ദേവും വിവാഹിതരായത്. 39-ാം വയസിലാണ് വരലക്ഷ്മി വിവാഹം ചെയ്തത്. നിക്കോളായ് സച്ച്‌ദേവിന്റെ രണ്ടാം വിവാഹമാണിത്.

ആദ്യ വിവാഹത്തില്‍ ഇദ്ദേഹത്തിന് ഒരു മകളുണ്ട്. വിവാഹത്തിന് ശേഷം വിളിച്ച് പത്രസമ്മേളനത്തില്‍ വരലക്ഷ്മിയും നിക്കോളായും പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വരലക്ഷ്മിയുടെ പേര് ഒന്നിച്ച് ചേര്‍ത്തെന്നും താരം ഉടന്‍ തന്നെ വീണ്ടും അഭിനയം ആരംഭിക്കുമെന്നാണ് നിക്കോളായ് പറയുന്നത്.

”ബോംബെ ഇനി എന്റെ വീടല്ല. ചെന്നൈയാണ്. എനിക്ക് വളരെ അടുത്തറിയാവുന്ന സുന്ദരിയായ ഈ സ്ത്രീയെയാണ് ഞാന്‍ വിവാഹം ചെയ്തത്. വിവാഹത്തിന് ശേഷം പേര് മാറ്റുമെന്ന് അവള്‍ പറഞ്ഞിരുന്നു. വരലക്ഷ്മി ശരത്കുമാര്‍ സച്ച്‌ദേവ് എന്ന് പേര് മാറ്റാനാണ് അവള്‍ ആഗ്രഹിച്ചത്. അത് വേണ്ടെന്ന് ഞാന്‍ പറഞ്ഞു.”

”അവള്‍ വരലക്ഷ്മി ശരത്കുമാറായി തുടരും. ഞാന്‍ നിക്കോളായ് വരലക്ഷ്മി ശരത്കുമാര്‍ സച്ച്‌ദേവ് എന്ന പേര് മാറ്റും. അതേപോലെ എന്റെ മകളും. ശരത്കുമാര്‍ എന്ന പേര് ലെഗസിയാണ്. അതാണ് താന്‍ എന്റെ ഭാര്യക്ക് വേണ്ടി ചെയ്യുന്നത്. നിങ്ങള്‍ക്ക് എന്റെ ഭാര്യയെ നന്നായി അറിയാം.”

”അവളെ സ്‌നേഹിക്കുന്നതിനും സ്വപനങ്ങളെ പിന്തുണയ്ക്കുന്നതിനും ഞാന്‍ നന്ദി പറയുന്നു. അവള്‍ എന്നെയാണ് വിവാഹം ചെയ്തത്. പക്ഷെ ഞാനല്ല അവളുടെ ഫസ്റ്റ് ലവ്. സിനിമയോടാണ് അവളുടെ ഏക പ്രണയം. ഞാന്‍ രണ്ടാമതാണ്. നാളെ മുതല്‍ അവള്‍ വീണ്ടും അഭിനയിക്കും” എന്നാണ് നിക്കോളായ് മാധ്യമങ്ങളോട് പറഞ്ഞത്.

Read more