'ഗള്‍ഫി'ലെത്തിയ ദാസനും വിജയനും.. 'നാടോടിക്കാറ്റി'ലെ പ്രധാന ലൊക്കേഷന്‍ അടയ്ക്കുന്നു

ദാസനും വിജയനും എത്തിയ ‘ഗള്‍ഫ്’ അടയ്ക്കുന്നു. ‘നാടോടിക്കാറ്റ്’ സിനിമയിലെ ഒരു ലൊക്കേഷനായ ഹോട്ടല്‍ ക്രൗണ്‍പ്ലാസയ്ക്ക് ഡിസംബർ 20ന് ഷട്ടര്‍ വീഴുകയാണ്. ഗള്‍ഫിലേക്ക് തിരിച്ച മോഹന്‍ലാലും ശ്രീനിവാസനും അവതരിപ്പിച്ച ദാസനും വിജയനും അറബി വേഷത്തില്‍ എത്തുന്ന അഡയാര്‍ ഹോട്ടല്‍ ആയി ചിത്രീകരിച്ചത് ക്രൗണ്‍പ്ലാസയാണ്.

നാടോടിക്കാറ്റ് മാത്രമല്ല, ഏതാനും തമിഴ് സിനിമകളും ഈ ഹോട്ടലില്‍ ചിത്രീകരിച്ചിട്ടുണ്ട്. അതേസമയം, സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ 1987ല്‍ പുറത്തിറങ്ങിയ ചിത്രമാണ് നാടോടിക്കാറ്റ്. ചിത്രത്തിലെ ദാസനും വിജയനുമൊക്കെ ഇപ്പോഴും പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്.

മോഹന്‍ലാലും ശ്രീനിവാസനും മല്‍സരിച്ചുളള അഭിനയ പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചത്. നാടോടിക്കാറ്റിന് പിന്നാലെയാണ് ചിത്രത്തിന്റെ രണ്ടും മൂന്നും ഭാഗങ്ങളായ പട്ടണപ്രവേശം, അക്കരെ അക്കരെ അക്കരെ എന്നീ സിനിമകളും പുറത്തിറങ്ങിയത്.

Read more

മോഹന്‍ലാലിനും ശ്രീനിവാസനുമൊപ്പം ശോഭന, തിലകന്‍, ഇന്നസെന്റ്, ജനാര്‍ദ്ദനന്‍, ക്യാപ്റ്റന്‍ രാജു, മാമുക്കോയ, മീന, ശങ്കരാടി, കുണ്ടറ ജോണി, അജിത് കൊല്ലം, ശാന്ത ദേവി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. സിദ്ദിഖ്-ലാലിന്റെ കഥയ്ക്ക് ശ്രീനിവാസന്‍ ആയിരുന്നു തിരക്കഥ ഒരുക്കിയത്.