നന്ദമൂരി ബാലകൃഷ്ണയുടെ ക്ലാസിക്കല്‍ ഡാന്‍സും, ഷര്‍ട്ടൂരി ഡാന്‍സുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ഏറെ ട്രോള്‍ ചെയ്യപ്പെട്ടിരുന്നു. എങ്കിലും തന്റെ പുതിയ സിനിമകളില്‍ ഏത് തരത്തിലുള്ള വിചിത്രമായ സ്റ്റെപ്പുകള്‍ ചെയ്യാനും ബാലയ്യ റെഡിയാണ്. ബാലയ്യയുടെ പുതിയ ചിത്രത്തിലെ ഗാനത്തിന് കടുത്ത വിമര്‍ശനങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ബാലയ്യയുടെ ഡാന്‍സ് സ്റ്റെപ്പുകളും കൊറിയോഗ്രാഫിയുമാണ് വിമര്‍ശിക്കപ്പെടുന്നത്.
‘ഡാകു മഹാരാജ്’ എന്ന ചിത്രത്തിലെ ‘ഡബിഡി ഡിബിഡി’ എന്ന ഗാനരംഗമാണ് വിവാദമാകുന്നത്. ബാലയ്യയും ബോളിവുഡ് താരം ഉര്‍വ്വശി റൗട്ടേലയുമാണ് നൃത്തരംഗത്തില്‍ ഉള്ളത്. പാട്ടിന് ഒട്ടും യോജിക്കാത്ത രീതിയിലും, സ്ത്രീകളെ അപമാനിക്കുന്ന വിധത്തിലുമുള്ള സ്റ്റെപ്പുകളാണ് ഗാനത്തില്‍ എന്നാണ് പ്രേക്ഷകരുടെ പ്രധാന വിമര്‍ശനം. ഡാകു മഹാരാജ് എന്ന ചിത്രത്തില്‍ ശേഖര്‍ മാസ്റ്റര്‍ ആണ് കൊറിയോഗ്രാഫര്‍.
തമന്‍ എസ് ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഇത്രയൊക്കെ വിമര്‍ശനം ഉയരുന്നുണ്ടെങ്കിലും ഗാനത്തിന്റെ കാഴ്ചക്കാര്‍ യൂട്യൂബില്‍ 2.6 മില്യണിലേറെയാണ്. അതേസമയം, നന്ദമൂരി ബാലകൃഷ്ണയുടെ കരിയരിലെ 109-ാം ചിത്രമാണ് ഡാകു മഹാരാജ്. ബോബി ഡിയോള്‍ ആണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്.
ശ്രദ്ധ ശ്രീനാഥ്, പ്രഗ്യ ജൈസാള്‍, ചാന്ദിനി ചൗധരി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പിരീഡ് ആക്ഷന്‍ ഡ്രാമയായി ഒരുങ്ങുന്ന ചിത്രം ജനുവരി 12ന് തിയേറ്ററിലെത്തും. ഈ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ദുല്‍ഖര്‍ പിന്മാറി എന്നാണ് വിവരം.