പൃഥ്വിരാജിന്റെ നായികയായി പാര്‍വതി തിരുവോത്ത്; 'എമ്പുരാന്' ശേഷം 'നോബഡി', നിര്‍മ്മാണം സുപ്രിയ

‘എമ്പുരാന്’ ശേഷം വീണ്ടും അഭിനയത്തിലേക്ക് മടങ്ങി പൃഥ്വിരാജ്. നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ‘നോബഡി’ എന്ന ചിത്രത്തിന്റെ പൂജ എറണാകുളത്ത് ആരംഭിച്ചു. ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി പാര്‍വതി തിരുവോത്ത് ആണ് എത്തുന്നത്. ഹക്കിം ഷാജഹാന്‍ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

വില്ലിംഗ്ടണ്‍ ഐലന്‍ഡില്‍ നടന്ന പൂജ ചടങ്ങുകള്‍ക്ക് ശേഷം സ്വിച്ചോണും നടന്നു. കെട്ട്യോളാണ് എന്റെ മാലാഖ, റോഷാക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നോബഡി. റോഷാക്കിന്റെ രചയിതാവ് കൂടിയായ സമീര്‍ അബ്ദുള്‍ ആണ് നോബഡിയുടെയും രചയിതാവ്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, ഇ 4 എക്‌സ്പിരിമെന്റ് എന്നീ ബാനറുകളില്‍ സുപ്രിയ മേനോന്‍, മുകേഷ് ആര്‍ മെഹ്ത, സി വി സാരഥി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ‘അനിമല്‍’ എന്ന ബോളിവുഡ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയ ഹര്‍ഷ്‌വര്‍ധന്‍ രാമേശ്വര്‍ ആണ് ചിത്രത്തിന് സംഗീതം പകരുന്നത് എന്നതും പ്രത്യേകതയാണ്.

അശോകന്‍, മധുപാല്‍, ലുക്മാന്‍ അവറാന്‍, ഗണപതി, വിനയ് ഫോര്‍ട്ട് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദിനേശ് പുരുഷോത്തമന്‍ ആണ് ഛായാഗ്രഹണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍.

Read more