ഫെഡറലിസം സംരക്ഷിക്കാന്‍ വേണ്ടി മോദി സര്‍ക്കാരിനെതിരെ പോരാട്ടം അനിവാര്യമാക്കുന്നതാണ് കഴിഞ്ഞദിവസം പുറത്തിറക്കിയ യുജിസിയുടെ പുതിയ കരട് നിര്‍ദേശങ്ങളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. . ഭരണഘടനയുടെ അടിസ്ഥാനശിലകളിലൊന്നായ ഫെഡറലിസത്തിനെതിരെ, സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്കുമേല്‍ കടന്നുകയറുന്നതാണ് യുജിസിയുടെ പുതിയ കരട് നിര്‍ദേശം.സംസ്ഥാനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍വകലാശാലകളുടെ നിയന്ത്രണംകൂടി കേന്ദ്രത്തിന് നല്‍കുന്നതാണ് ഇത്. ജനുവരി ആദ്യവാരം കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പുറത്തിറക്കിയ കരടിന്മേല്‍ 30 ദിവസത്തിനകം അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
രാജ്യത്ത് 56 കേന്ദ്ര സര്‍വകലാശാലകളും 481 സംസ്ഥാന സര്‍വകലാശാലകളുമാണുള്ളത്. ഇതിലെ വൈസ്ചാന്‍സലര്‍മാരുടെയും അധ്യാപകരുടെയും കോളേജ് പ്രിന്‍സിപ്പല്‍മാരുടെയും നിയമനങ്ങളും അക്കാദമിക്ക് നിലവാരവും നിശ്ചയിക്കാനുള്ള വിപുലമായ അധികാരങ്ങളാണ് കരട് നിര്‍ദേശംവഴി കേന്ദ്രത്തിന് ലഭിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് കോര്‍പറേറ്റുകളെ കുടിയിരുത്തി വാണിജ്യവല്‍ക്കരണം ശക്തമാക്കാനും ഗുണനിലവാരം തകര്‍ത്ത് വര്‍ഗീയവല്‍ക്കരിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ നിര്‍ദേശം. ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായത്തെ കേന്ദ്രീകരണത്തിന്റെയും വര്‍ഗീയവല്‍ക്കരണത്തിന്റെയും പാതയിലേക്ക് നയിക്കാന്‍ ലക്ഷ്യമിട്ട് അഞ്ചു വര്‍ഷം മുമ്പ് കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ തുടര്‍ച്ചയാണിത്. ബിജെപി അധികാരത്തില്‍ വന്നതുമുതല്‍ തന്നെ വിദ്യാഭ്യാസ രംഗത്തെ, പ്രത്യേകിച്ചും ഉന്നത വിദ്യാഭ്യാസ രംഗത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമം ആരംഭിച്ചു.
ഈ ലക്ഷ്യത്തോടെ സിലബസില്‍ മാറ്റം വരുത്തുന്നതോടൊപ്പം തന്നെ പ്രധാന സ്ഥാനങ്ങളില്‍ ഹിന്ദുത്വ രാഷ്ട്രീയ ചായ്വ് ഉള്ളവരെ നിയമിക്കാനും തുടങ്ങി. ബിജെപിക്ക് അധികാരമില്ലാത്ത കേരളംപോലുള്ള സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ചാണ് ഇത്തരക്കാരെ വൈസ് ചാന്‍സലര്‍മാരായി നിയമിച്ചത്. കേരളത്തിനു പുറമെ തമിഴ്‌നാട്, പഞ്ചാബ്, പശ്ചിമ ബംഗാള്‍ തുടങ്ങി ബിജെപി ഇതരകക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഈ നീക്കങ്ങളെ ശക്തമായി എതിര്‍ത്തുവരികയാണ്. എന്നാല്‍ പുതിയ യുജിസി കരട് നിര്‍ദേശങ്ങള്‍ ബിജെപി ഗവര്‍ണര്‍മാരുടെ തെറ്റായ നീക്കങ്ങള്‍ക്ക് സാധുത നല്‍കുന്നതാണ്.
യുജിസി കരട് നിര്‍ദേശത്തിലെ ഏറ്റവും പ്രധാന പ്രശ്‌നം അത് ഫെഡറല്‍ വിരുദ്ധമാണ് എന്നതു തന്നെയാണ്. അധികാരങ്ങളെല്ലാം കേന്ദ്രീകരിക്കുക എന്ന ബിജെപി നയത്തിന്റെ ഭാഗമായാണ് ഈ യുജിസി കരടും.’ഒരു രാഷ്ട്രം ഒരു സര്‍ക്കാര്‍’ എന്നതാണ് ബിജെപി ലക്ഷ്യം. നിലവില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് സംസ്ഥാന സര്‍വകലാശാലകളില്‍ വിസിമാരെയും അധ്യാപകരെയും നിയമിക്കുന്നതിന് അധികാരമുള്ളത്. അത് പൂര്‍ണമായും ഇനി കേന്ദ്രത്തിനു ലഭിക്കും. ഇതോടെ സര്‍വകലാശാലകളുടെ സ്വയംഭരണാവകാശം ഇല്ലാതായി പൂര്‍ണമായും കേന്ദ്രാധികാരത്തിനു കീഴിലാകും. എല്ലാ സര്‍വകലാശാലകളുടെയും വിസിമാരെ നിയമിക്കുന്ന രീതിയില്‍ മാറ്റം വരുത്തിക്കൊണ്ടാണ് ഈ ലക്ഷ്യം നേടുന്നത്. നിലവില്‍ വിസിമാരെ തെരഞ്ഞെടുക്കുന്നത് മൂന്നംഗ സമിതിയാണ്. യുജിസിയുടെയും സര്‍വകലാശാലയുടെയും (സിന്‍ഡിക്കറ്റ് / സെനറ്റ് / യൂണിവേഴ്‌സിറ്റി കൗണ്‍സില്‍) ചാന്‍സലറുടെ (ഗവര്‍ണര്‍ ) നോമിനിയായി സംസ്ഥാനസര്‍ക്കാര്‍ നിര്‍ദേശിക്കുന്ന വ്യക്തി എന്നിവര്‍ ചേര്‍ന്ന സമിതിയാണ് വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നത്. ഇതില്‍ സംസ്ഥാന സര്‍ക്കാരിനുള്ള പങ്കാളിത്തം പൂര്‍ണമായും ഇല്ലാതാക്കി ആ അധികാരം ഗവര്‍ണര്‍ക്ക് നല്‍കുകയാണ്.
സെലക്ഷന്‍ കം റിസര്‍ച്ച് കമ്മിറ്റിയുടെ ചെയര്‍മാന്‍ ചാന്‍സലറുടെ നോമിനിയായിരിക്കുമെന്നും വ്യവസ്ഥയുണ്ട്. അതായത് മൂന്നംഗ സമിതിയില്‍ രണ്ടുപേര്‍ – ചാന്‍സലറുടെയും (ഗവര്‍ണര്‍) യുജിസിയുടെയും പ്രതിനിധി – കേന്ദ്രത്തിന്റേതാകുന്നതോടെ അവര്‍ നിശ്ചയിക്കുന്നയാള്‍ വിസിയാകും. സ്വാഭാവികമായും ബിജെപി, ആര്‍എസ്എസ് അനുഭാവമുള്ളവര്‍ വരും. സംസ്ഥാനങ്ങള്‍ പാസാക്കിയ നിയമവും ചട്ടവും അനുസരിച്ചായിരിക്കണം വിസി നിയമനം എന്ന 2013 ലെ യുജിസി ചട്ടത്തിന് കടകവിരുദ്ധവും ഫെഡറല്‍ വിരുദ്ധവുമായ ഉള്ളടക്കമാണ് ഇപ്പോഴത്തെ യുജിസി കരടിലുള്ളത്. ഈ നീക്കത്തില്‍ മറ്റൊരു വലിയ അപകടംകൂടിയുണ്ട്.
ഗവര്‍ണര്‍ എന്നത് ആലങ്കാരിക പദവി മാത്രമാണെന്നും സംസ്ഥാന മന്ത്രിസഭയുടെ ഉപദേശ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് എന്നുമുള്ള ഭരണഘടനാ സങ്കല്‍പ്പത്തെ പൊളിച്ചെഴുതാനാണ് മോദി സര്‍ക്കാരിന്റെ ശ്രമം. ഉന്നത വിദ്യാഭ്യാസ മേഖലയിലെ സര്‍വാധികാരിയായി ഗവര്‍ണറെ പ്രതിഷ്ഠിച്ച് കേന്ദ്രനയം നടപ്പിലാക്കാനുള്ള ഏജന്റായി ആ പദവിയെ ഉപയോഗിക്കുകഎന്ന ലക്ഷ്യംകൂടി ഇതിനു പിന്നിലുണ്ട്. കേന്ദ്രം ഭരിച്ച ബിജെപി സര്‍ക്കാരുകള്‍ ഗവര്‍ണര്‍ പദവിയെ പക്ഷപാതപരമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടാന്‍ ഉപയോഗിച്ച ഉദാഹരണങ്ങള്‍ കേരളത്തിന് സുപരിചിതമാണ്. ആരിഫ് മൊഹമ്മദ് ഖാന്റെ ചെയ്തികള്‍ നമ്മുടെ മുമ്പിലുണ്ട്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിന് വിലങ്ങുതടിയായാണ് ഗവര്‍ണര്‍മാര്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരം ഗവര്‍ണര്‍മാരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നിയമസാധുത നല്‍കാനാണ് യുജിസിയെ ഉപയോഗിക്കുന്നത്. 1988 ലെ സര്‍ക്കാരിയ കമീഷന്‍ സംസ്ഥാനങ്ങളുടെ നിര്‍ദേശത്തിന് വിധേയമായാണ് ചാന്‍സലര്‍ എന്ന ദൗത്യം ഗവര്‍ണര്‍മാര്‍ നിര്‍വഹിക്കേണ്ടത് എന്ന് വ്യക്തമാക്കിയെങ്കില്‍ ഗവര്‍ണര്‍ക്ക് ചാന്‍സലര്‍ പദവി നല്‍കുന്നതില്‍ എന്ത് സാംഗത്യമാണുള്ളത് എന്ന ചോദ്യമാണ് 2010 ലെ പൂഞ്ചി കമീഷന്‍ ഉന്നയിച്ചത്. ഇതെല്ലാം അവഗണിച്ച് ഗവര്‍ണറുടെ ചാന്‍സലര്‍ പദവിക്ക് നിയമസാധുത നല്‍കുക എന്ന ഭരണഘടനാ വിരുദ്ധ നീക്കമാണ് പുതിയ യുജിസി കരടിലുള്ളത്.
ഇതോടൊപ്പം തന്നെ കോര്‍പറേറ്റുകള്‍ക്കുകൂടി വിദ്യാഭ്യാസമേഖലയെ കീഴ്‌പ്പെടുത്താനുള്ള പഴുതും യുജിസി കരട് നല്‍കുന്നുണ്ട്. അതായത് അക്കാദമിക് ഇതര വ്യക്തികളെയും വിസിമാരായി നിയമിക്കാമെന്നര്‍ഥം. വിസിമാരായി നിയമിക്കപ്പെടുന്നവര്‍ക്ക് അധ്യാപനപരിചയം വേണമെന്നില്ല. വ്യവസായ മേഖലയില്‍നിന്നോ പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്നോ ഭരണതലത്തില്‍നിന്നോ ഉള്ളവരെ നിയമിക്കാം. കേന്ദ്രത്തിന് താല്‍പ്പര്യമുള്ള ആരെയും നിയമിക്കാമെന്നര്‍ഥം. വിസിമാരെ മാത്രമല്ല കോളേജ് പ്രിന്‍സിപ്പല്‍മാരെയും അധ്യാപകരെയും നിയമിക്കാനും ഇനി കേന്ദ്രത്തിന് കഴിയും. കോളേജ് മാനേജ്‌മെന്റ് കമ്മിറ്റിയില്‍നിന്നും രണ്ടു പേരും വൈസ് ചാന്‍സലറുടെ പ്രതിനിധികളായ മൂന്നു പേരുമാണ് പ്രിന്‍സിപ്പലിനെ തെരഞ്ഞെടുക്കുക.
അധ്യാപകനിയമന ഇന്റര്‍വ്യൂ ബോര്‍ഡിലെ വിഷയ വിദഗ്ധരെ നിയമിക്കുന്നതും വിസിയാണ്. വിസി നിര്‍ദേശിക്കുന്ന അഞ്ച് പേരുടെ പാനലില്‍നിന്നും മൂന്നു വിഷയ വിദഗ്ധരെ കോളേജ് ഇന്റര്‍വ്യൂ ബോര്‍ഡിന് തീരുമാനിക്കാം. അതായത് കേന്ദ്രം നിയമിക്കുന്ന വിസിമാരെ ഉപയോഗിച്ച് പ്രിന്‍സിപ്പല്‍മാരെയും അധ്യാപകരെയും നിയമിക്കാനുള്ള അധികാരവും കേന്ദ്രം കൈക്കലാക്കുകയാണ്.
സമവര്‍ത്തി പട്ടികയിലുള്ള വിദ്യാഭ്യാസം ക്രമേണ കേന്ദ്രത്തിന്റെ കൈകളിലേക്ക് മാറുകയാണ്. സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവരുന്നതോടൊപ്പം ഉന്നത വിദ്യാഭ്യാസം കാവിവല്‍ക്കരിക്കുകകൂടി ചെയ്യുകയാണ്. ഒരു വെടിക്ക് രണ്ട് പക്ഷിയാണ് ലക്ഷ്യം. അക്കാദമിക ഗുണനിലവാരം തകര്‍ക്കുന്ന പല നിര്‍ദേശങ്ങളും യുജിസി കരടിലുണ്ടെന്ന് അക്കാദമിക സമൂഹം ചൂണ്ടിക്കാട്ടുന്നുണ്ട്.
Read more
അതും പരിശോധിക്കപ്പെടേണ്ടതാണ്.
പുതിയ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ മുന്നോട്ടു വയ്ക്കുന്ന ശിക്ഷാനടപടികളാണ് യുജിസി കരടിലെ ഏറ്റവും അപകടകരവും പ്രതിഷേധാര്‍ഹവുമായ കാര്യം. നിര്‍ദേശങ്ങള്‍ നടപ്പിലാക്കാത്ത സ്ഥാപനങ്ങളെ യുജിസി സ്‌കീമില്‍ പങ്കെടുക്കുന്നതില്‍നിന്നും ബിരുദ പ്രോഗ്രാമുകള്‍ നല്‍കുന്നതില്‍നിന്നും വിലക്കുമെന്നും യുജിസി ആക്ടിന്റെ പരിധിയില്‍ വരുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍നിന്നും നീക്കം ചെയ്യുമെന്നും ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികളാണ് പറയുന്നത്. അതായത് ക്രമേണ സര്‍വകലാശാലാ പദവി തന്നെ നഷ്ടമാകും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനും ഗവേഷണ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ആവശ്യമായ ഫണ്ട് ലഭ്യമാക്കുന്നതിനു വേണ്ടി വിഭാവനം ചെയ്ത യുജിസി ആ മുഖ്യ കടമ പാതി വഴിയില്‍ ഉപേക്ഷിച്ച് ഏകശിലാത്മകമായ സാംസ്‌കാരിക ദേശീയത അക്കാദമിക് രംഗത്തു പടര്‍ത്താനും അതുവഴി ആ സ്ഥാപനങ്ങളെ തകര്‍ക്കാനുമാണ് കൂട്ടുനില്‍ക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതാണ്. കേരളത്തിന്റെ പ്രതിഷേധം ഇതിനകംതന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും യുജിസി നിര്‍ദേശങ്ങള്‍ക്കെതിരെ രംഗത്തു വന്നിട്ടുണ്ട്. സമാനവികാരമുള്ള സംസ്ഥാനങ്ങളെ കൂടെനിര്‍ത്തി രാജ്യവ്യാപക പ്രതിഷേധത്തിന് നമുക്ക് നേതൃത്വം നല്‍കാന്‍ കഴിയണം. കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളും ഒറ്റക്കെട്ടായി പ്രതിഷേധം ഉയര്‍ത്തണമെന്നും ഗോവിന്ദന്‍ പറഞ്ഞു.