തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ സമാധിയായെന്ന് ആരോപിക്കുന്ന ഗോപന്റെ മരണകാരണം അവ്യക്തമെന്ന് ഫോറൻസിക് ഡോക്ടർമാർ. ഗോപന്റെ പോസ്റ്റുമോര്‍ട്ടം പൂർത്തിയായി. മരണകാരണം സ്വാഭാവികമാണെന്നാണ് കണ്ടെത്തൽ. എന്നാൽ മരണ കാരണം മറ്റെന്തെങ്കിലുമാണോ എന്നറിയാൻ രാസപരിശോധനാഫലം നിർണായകമാണ്.
ഗോപന്റെത് സ്വാഭാവിക മരണമെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. മരിച്ച ശേഷമാണ് സമാധിയിലിരുത്തിയെന്നാണ് മെഡിക്കല്‍ കോളജില്‍ നിന്നും ലഭിക്കുന്ന വിവരം. മൃതദേഹത്തില്‍ പരുക്കുകളുണ്ടോ എന്ന് കണ്ടെത്താന്‍ റേഡിയോളജി, എക്‌സ്-റേ പരിശോധന നടത്തിയിരുന്നു. നിലവില്‍ മൃതദേഹത്തില്‍ മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ല. വിഷം ഉള്ളില്‍ ചെന്നിട്ടില്ലെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നത്.
എന്നാൽ ആന്തരിക അവയവങ്ങളുടെ ശാസ്ത്രീയ പരിശോധനകള്‍ ലഭിച്ചാൽ മാത്രമേ മരണവുമായി ബന്ധപ്പെട്ട യഥാർത്ഥ കാരണം പുറത്ത് വരൂ. അതേസമയം ഗോപന്റെ മൃതദേഹം നാളെ സംസ്കരിക്കും. നാളെ വീട്ടുവളപ്പിലാണ് സംസ്കാരം. മൃതദേഹം ഇന്ന് ആശുപത്രിയിൽ സൂക്ഷിക്കും.