'ഒറ്റയ്ക്ക് കാറോടിച്ചു വരുന്ന ഇബ്രാഹിം, കൂടെ അയാളുടെ വാഹന വ്യൂഹം'; പവര്‍ സ്റ്റാര്‍ ആരംഭിക്കുന്നു, തിരക്കഥയുടെ കോപ്പിയുമായി ഒമര്‍ ലുലു

ബാബു ആന്റണിയെ നായകനാക്കി 2020ല്‍ ആണ് പവര്‍ സ്റ്റാര്‍ എന്ന ചിത്രം സംവിധായകന്‍ ഒമര്‍ ലുലു പ്രഖ്യാപിച്ചത്. എന്നാല്‍ സിനിമയുടെ ചിത്രീകരണം വൈകുകയായിരുന്നു. ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കുകയാണ് എന്നാണ് ഒമര്‍ ലുലു ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയുടെ സെക്കന്‍ഡ് ഹാഫിന്റെ ചിത്രം പങ്കുവച്ചു കൊണ്ടാണ് ഒമറിന്റെ കുറിപ്പ്.

തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് മരിക്കുന്നതിന് തൊട്ടു മുമ്പ് പൂര്‍ത്തിയാക്കിയ തിരക്കഥയാണ് പവര്‍ സ്റ്റാറിന്റെത്. ഡെന്നിസ് ജോസഫ് സാറിന്റെ വീട്ടില്‍ നിന്ന് സ്‌ക്രിപ്റ്റ് കൈപ്പറ്റിയിട്ട് മാസങ്ങള്‍ ആയെങ്കിലും സാറിന്റെ മരണവും പിന്നീട് വന്ന സെക്കന്റ് ലോക്ഡൗണും പവര്‍ സ്റ്റാറിനെ വൈകിപ്പിച്ചു എന്നാണ് ഒമര്‍ പറയുന്നത്.

ഒമര്‍ ലുലുവിന്റെ കുറിപ്പ്:

ഡെന്നിസ് ജോസഫ് സാറിന്റെ വീട്ടില്‍ നിന്ന് പവര്‍ സ്റ്റാറിന്റെ സ്‌ക്രിപ്റ്റ് കൈപ്പറ്റിയിട്ട് മാസങ്ങള്‍ ആയെങ്കിലും ഡെന്നിസ് സാറിന്റെ മരണവും പിന്നീട് വന്ന സെക്കന്റ് ലോക്ഡൗണും പവര്‍ സ്റ്റാറിനെ അല്പം വൈകിപ്പിച്ചു. ഏവര്‍ക്കും ആസ്വദിക്കാവുന്ന ഒരു നല്ല സിനിമ ആയിരിക്കണം എന്ന വാശി എനിക്കുണ്ടായിരുന്നു. അതിനാല്‍ തന്നെ ലോക്ഡൗണ്‍ പരിമിതിക്കുള്ളില്‍ നിന്ന് ഷൂട്ട് ചെയ്യണ്ട എന്നായിരുന്നു തീരുമാനം.

എന്നാല്‍ ഇപ്പോ സാഹചര്യങ്ങള്‍ എല്ലാം അനുകൂലം ആയി വന്നത് കൊണ്ട് തന്നെ ഞാന്‍ എന്റെ ഡ്രീം പ്രോജക്റ്റ് ആയ പവര്‍ സ്റ്റാറിന്റെ പ്രീപ്രൊഡക്ഷന്‍ ഇന്ന് മുതല്‍ തുടങ്ങുകയാണ്. കന്നഡ, മലയാളം എന്നീ ഭാഷകളിലായി ഒരുങ്ങുന്ന ഈ പ്രൊജക്ടില്‍ ഇരു ഭാഷകളിലെയും താരങ്ങള്‍ അഭിനയിക്കുന്നുണ്ട്.

പൂര്‍ണമായും ആക്ഷന് പ്രാധാന്യം നല്‍കി കൊണ്ട് വരുന്ന പവര്‍ സ്റ്റാറില്‍ കെജിഎഫ് മ്യൂസിക് ഡയറക്ടര്‍ ആയ രവി ബാസൂര്‍ ആണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. വരുന്ന ഫെബ്രുവരിയില്‍ മുന്നൊരുക്കങ്ങള്‍ എല്ലാം കഴിഞ്ഞു ഷൂട്ട് തുടങ്ങാന്‍ ആണ് തീരുമാനം. നിങ്ങള്‍ എല്ലാവരുടെയും പ്രാര്‍ത്ഥനയും പിന്തുണയും കുടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

Read more