പിള്ളേച്ചനെ അനുഗ്രഹിക്കാന്‍ പുരുഷു ഇനി ഇല്ല; 'ആദ്യരാത്രി'യില്‍ വീരമൃത്യു

വെള്ളിമൂങ്ങയ്ക്ക് ശേഷം ബിജു മേനോന്‍-ജിബു ജേക്കബ് കൂട്ടുകെട്ട് ഒരുമിക്കുന്ന ചിത്രമാണ് ആദ്യരാത്രി. വെള്ളിമൂങ്ങ ഏറെ ജനപ്രീതി നേടിയ ചിത്രമായിരുന്നതിനാല്‍ ആദ്യരാത്രിയിലും പ്രേക്ഷകരുടെ പ്രതീക്ഷകള്‍ ചെറുതല്ല. ആദ്യരാത്രിയുടേതായി പുറത്തിറങ്ങുന്ന ഓരോ കാര്യത്തിനും ലഭിച്ചു കൊണ്ടിരിക്കുന്ന പിന്തുണ ഇതിന് ഉദാഹരണമാണ്.

ചിത്രത്തിലെ ഒരു വീഡിയോ ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. മനോഹരമായ ഗാനത്തിനൊപ്പം കാഴ്ച്ചക്കാരുടെ കണ്ണിടക്കിയത് മറ്റൊന്നിലായിരുന്നു. “അതിര്‍ത്തിയില്‍ പുരുഷുവിന് വീരമൃത്യു”. ലാല്‍ ജോസ് ദിലീപ് കൂട്ടുക്കെട്ടില്‍ പിറന്ന മീശമാധവനിലെ പട്ടാള കഥാപാത്രമാണ് പുരുഷു. ചിത്രത്തിലെ “പുരുഷു എന്നെ അനുഗ്രഹിക്കണം” എന്ന ഡയലോഗ് ഇന്നും ആ  രംഗം ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ പോന്നതാണ്. എന്തായാലും “ആദ്യരാത്രി”യിലെ പട്ടാളം പുരുഷുവിന്റെ വീരമൃത്യു സോഷ്യല്‍ മീഡിയയിലെ ട്രോള്‍ ഗ്രൂപ്പുകളില്‍ ചര്‍ച്ചയായി കഴിഞ്ഞു.

ക്വീന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ഷാരീസ്, ജെബിന്‍ എന്നിവര്‍ ചേര്‍ന്നാണ് ആദ്യരാത്രിയുടെ കഥയും, തിരക്കഥയും, സംഭാഷണവും രചിച്ചിരിക്കുന്നത്. സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് ആണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധേയയായ അനശ്വര രാജന്‍ പ്രധാനവേഷത്തില്‍ അഭിനയിക്കുന്നുണ്ട്. വിജയരാഘവന്‍, സര്‍ജനു, അശ്വിന്‍ , മനോജ് ഗിന്നസ്, ജയന്‍ ചേര്‍ത്തല, മാലാ പാര്‍വതി എന്നിവരും പ്രധാന താരങ്ങളാണ്. ബിജിബാല്‍ ആണ് സംഗീതം നിര്‍വ്വഹിക്കുന്നത്. ശ്രീജിത്ത് നായരാണ് ചിത്രത്തിന്റെ ചായാഗ്രഹണം.

Read more