കര്‍ണാടകയില്‍ വിറ്റുപോയത് ഒരു കോടി ടിക്കറ്റുകള്‍; `കൊടുങ്കാറ്റായി കാന്താര

കന്നഡ ബ്ലോക്ക്ബസ്റ്റര്‍ കാന്താര നിരവധി റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. കര്‍ണാടക ബോക്സ് ഓഫീസില്‍ അവിശ്വസനീയമായ കുതിപ്പ് തുടരുകയാണ് ചിത്രം. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രം കര്‍ണാടകയില്‍ KGF2 വിന്റെ റെക്കോര്‍ഡ് മറികടക്കും. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള ഒരു പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. കര്‍ണാടകയില്‍ മാത്രം ഈ ചിത്രം 1 കോടി ടിക്കറ്റുകള്‍ വിറ്റു, ഇത് കന്നഡ സിനിമാരംഗത്തെ നാഴികക്കല്ലാണ് ഇത്.

6 ആഴ്ച്ചകള്‍ പിന്നിട്ടിട്ടും ബോക്‌സ് ഓഫീസില്‍ മിന്നും പ്രകടനം കാഴ്ചവയ്ക്കുകയാണ് കാന്താര. ഇന്നലെവരെയുള്ള കണക്ക് പ്രകാരം 360 കോടിയാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. അതില്‍ ഇന്ത്യയില്‍ ഏകദേശം 328 കോടി രൂപയും വിദേശത്ത് 30 കോടിയും ഉള്‍പ്പെടുന്നുവെന്നാണ് കണക്ക്.

ഇതേ രീതിയില്‍ ആണ് ചിത്രം മുന്നോട്ട് പോകുന്നതെങ്കില്‍ ഈ വാരാന്ത്യം ആകുമ്പോഴേക്കും കാന്താര 400 കോടി ക്ലബ്ബില്‍ ഇടം പിടിക്കുമെന്ന് ട്രെഡ് അനലിസ്റ്റുകള്‍ വിലയിരുന്നു. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് മാത്രം ഇതുവരെ നേടിയത് 70.50 കോടിയാണ്.

റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് കാന്താര. അദ്ദേഹം തന്നെയാണ് ചിത്രത്തില്‍ നായക കഥാപാത്രത്തെയും അവതരിപ്പിച്ചത്. പരമ്പരാഗത നൃത്തമായ ഭൂത കോലത്തെ ചുറ്റിപ്പറ്റിയുള്ള ഒരു ആക്ഷന്‍ ത്രില്ലറാണ് ‘കാന്താര’. ‘കെജിഎഫ്’ നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസ് ആണ് കാന്താര നിര്‍മ്മിച്ചിരിക്കുന്നത്.

Read more

ചിത്രത്തില്‍ സപ്തമി ഗൗഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.