വെളുപ്പിന് രണ്ടു മണിക്ക് ക്രിസ്റ്റഫറിന് പാക്കപ്പ്; വിശേഷങ്ങളുമായി ബി. ഉണ്ണികൃഷ്ണന്‍

മമ്മൂട്ടി ബി ഉണ്ണികൃഷ്ണന്‍ ചിത്രം ‘ക്രിസ്റ്റഫറി’ന് പാക്കപ്പ്. ബി ഉണ്ണികൃഷ്ണന്‍ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. 79 ദിവസങ്ങള്‍ നീണ്ടു നിന്ന സിനിമയുടെ ചിത്രീകരണം ഇന്ന് വെളുപ്പിന് രണ്ട് മണിക്ക് പൂര്‍ത്തിയായതായി അദ്ദേഹം അറിയിച്ചു.

‘ഇന്ന് വെളുപ്പിന് രണ്ട് മണിക്ക് ക്രിസ്റ്റഫര്‍ പൂര്‍ത്തിയാക്കി. 79 ദിവസങ്ങള്‍ നീണ്ടു നിന്ന ചിത്രീകരണം. അതില്‍ 65 ദിവസം മമ്മൂക്ക ക്രിസ്റ്റഫറായിരുന്നു. എന്റെ പ്രിയപ്പെട്ട അണിയറ പ്രവര്‍ത്തകര്‍ക്ക് നന്ദി’, ബി ഉണികൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്നാണ് ഈ ത്രില്ലര്‍ ചിത്രത്തിന്റെ ടാഗ് ലൈന്‍. ആര്‍ ഡി ഇല്യൂമിനേഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഒട്ടേറെ ഹിറ്റുകളുടെ രചന നിര്‍വ്വഹിച്ചിട്ടുള്ള ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സ്നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്.

Read more

തെന്നിന്ത്യന്‍ താരം വിനയ് റായ് ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിലെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എറണാകുളം, പൂയംകുട്ടി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.